ആലപ്പുഴ അപകടത്തില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു; ചികത്സയിലിരിക്കേ മരണത്തിന് കീഴടങ്ങിയത് എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്

ആലപ്പുഴ അപകടത്തില്‍  ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു; ചികത്സയിലിരിക്കേ മരണത്തിന് കീഴടങ്ങിയത് എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്

ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആല്‍വിന്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുടുംബത്തിന്റെ ആവശ്യ പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഇതോടെ കളര്‍കോട് കാറപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എണ്ണം ആറായി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് സംഭവ ദിവസം തന്നെ മരിച്ചത്.

രണ്ട് മാസം മുമ്പാണ് അപകടത്തില്‍പ്പെട്ട എല്ലാവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരുണ്ടായിരുന്നു. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

അതേസമയം, ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കും. വാഹനം നല്‍കിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

വാടകയായ 1000 രൂപ വിദ്യാര്‍ഥിയായ ഗൗരി ശങ്കര്‍ വാഹന ഉടമ ഷാമില്‍ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വാടക വാങ്ങിയല്ല കാര്‍ നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന്റെ മൊഴി.

വാഹന ഉടമ ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സ് ഇല്ലെന്നും വാഹനത്തിന്റെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്യുമെന്നും ആലപ്പുഴ ആര്‍ടിഒ അറിയിച്ചു. ഷാമില്‍ ഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു. വാഹനത്തിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

അതിനിടെ വിദ്യാര്‍ഥികള്‍ വണ്ടാനത്തെ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു നിറച്ച ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാന്‍ ഇവര്‍ പോകുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളുകയാണ് ഷാമില്‍ ഖാന്‍.

വാഹനം നല്‍കിയത് റെന്റിനല്ലെന്ന് ആവര്‍ത്തിക്കുകയാണ് അദേഹം.1000 രൂപ ക്യാഷ് ആയി നല്‍കിയത് ആണ് ഗൂഗിള്‍ പേ വഴി തിരിച്ചു വാങ്ങിയത്. അപകട ശേഷം ലൈസന്‍സ് അയച്ചു വാങ്ങിയത് തെളിവിനായാണെന്നും വാഹനം വാങ്ങുമ്പോള്‍ ലൈസന്‍സ് കാണിച്ചു തരികയായിരുന്നുവെന്നും ഷാമില്‍ ഖാന്‍ പറഞ്ഞു.

തന്റെ കയ്യില്‍ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാര്‍ ആണ്. പണം വാങ്ങിയത് വാടക ഇനത്തില്‍ അല്ല. കയ്യില്‍ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാര്‍ഥികള്‍ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. അത് യുപിഐ വഴിയാണ് വിദ്യാര്‍ഥികള്‍ തിരികെ നല്‍കിയത്.

വാഹനം പണ്ട് വാടകയ്ക്ക് നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ കൊടുക്കാറില്ല. ലൈസന്‍സ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസന്‍സ് അയച്ചു വാങ്ങിയതെന്നും ഷാമില്‍ ഖാന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.