ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിമാന ടിക്കറ്റ് നിരക്കിലെ മാറ്റം 24 മണിക്കൂറിനകം ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡു. നിരക്കിലെ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വര്‍ധന നിയന്ത്രിക്കുന്നതിനും വേണ്ടിയാണിത്. വ്യാഴാഴ്ച രാജ്യസഭയില്‍ പുതിയ വ്യോമയാന ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റിന് പകരമായുള്ള പുതിയ ഭാരതീയ വായുയാന്‍ വിധേയക് 2024 ബില്ല് വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്. വ്യോമയാന രംഗത്തെ വ്യവസായം കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശബ്ദവോട്ടോടെയാണ് രാജ്യസഭയില്‍ ബില്ല് പുതിയ പാസാക്കിയത്. ഓഗസ്റ്റ് ഒമ്പതിന് ലോക്സഭയും ബില്‍ ബാസാക്കിയിരുന്നു.
2023 നെ അപേക്ഷിച്ച് 2024 ല്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണില്‍ വിവിധ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. വിമാന നിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴില്‍ വരുന്നില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തന ചെലവുകള്‍ അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നിരക്കുകള്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോല്‍ പറഞ്ഞു.
വിപണിയിലെ മത്സരം നിലനിര്‍ത്താന്‍ വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പൊതുവില്‍ വിട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാറുണ്ടെന്നും നവംബര്‍ 25 ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മോഹോല്‍ പറയുന്നു.
നിയമത്തിന്റെ പേര് ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയാക്കി മാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും കാണിക്കാന്‍ വേണ്ടിയാണെന്നാണ് മന്ത്രി കെ രാംമോഹന്‍ നായിഡുവിന്റെ വിശദീകരണം. ബില്ലിന്റെ പേര് പറയാന്‍ തുടക്കത്തില്‍ പ്രയാസമായിരിക്കുമെങ്കിലും അത് ശീലമായിക്കൊള്ളുമെന്നാണ് മന്ത്രി പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.