കോട്ടയം: ഡിസംബർ ഏഴിന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ വത്തിക്കാനിലെത്തി. ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളത്തിന്റെ നേതൃത്വത്തിലുള്ള 60 പേരുള്ള സംഘത്തിൽ അതിരൂപതാ മുൻ വികാരി ജനറാൾ ഫാ ജോസഫ് വാണിയപ്പുരക്കൽ, ഫാ ജോഷി മൂലങ്കുന്നം, ഫാ ജോർജ് വല്ലയിൽ, ഫാ മരിയാനന്ദ് എന്നിവർ സംഘത്തിലുണ്ട്. നാട്ടിൽ നിന്ന് 30 പ്രവാസികൾക്കൊപ്പം വിവിധ രാജ്യങ്ങളിലുള്ള പ്രവാസി അപ്പോസ്തലേറ്റിന്റെ 30 പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
ദീർഘനാൾ പ്രവാസിയായി ജീവിച്ച് പ്രവാസ ജീവിതത്തിന്റെ എല്ലാ വിഷമങ്ങളും അനുഭവിച്ച് എന്നും പ്രവാസികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്നു നിയുക്ത കർദിനാളിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുക എന്നത് പ്രവാസികളെ സംബന്ധിച്ച് ഒരവസരമല്ല കടമയാണെന്ന് പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം പറഞ്ഞു.
വൈദിക പഠന കാലത്ത് തന്നെ വത്തിക്കാനിൽ പോകുകയും അവിടുത്തെ വിദേശ മന്ത്രാലയത്തിൽ ദീർഘനാൾ സേവനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമായി കരുതുന്നെന്നും ഫാ റ്റെജി അറിയിച്ചു. ആഗോള സഭയ്ക്കും സിറോ മലബാർ സഭയ്‌ക്കുമൊപ്പം എല്ലാ പ്രവാസികൾക്കും ഇത് ആഹ്ളാദ നിമിഷമാണെന്ന് ഫാ റ്റെജി കൂട്ടിച്ചേർത്തു
51 കാരനായ മോൺസിഞ്ഞോർ കൂവക്കാട് ചങ്ങനാശേരി അതിരൂപതാംഗമാണ്. 1973 ഓഗസ്റ്റ് 11 ന് ജനിച്ച കർദിനാൾ 2004-ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് പ്രശസ്തമായ പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി.
2006 ൽ വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിൽ ചേർന്നതിന് ശേഷം അൾജീരിയ, ദക്ഷിണ കൊറിയ, ഇറാൻ, കോസ്റ്ററിക്ക, വെനസ്വേല എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി അപ്പോസ്തോലിക് ന്യൂൺഷിയേച്ചറുകളിൽ മോൺസിഞ്ഞോർ കൂവക്കാട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വത്തിക്കാൻ സിറ്റി ആസ്ഥാനമായുള്ള അദേഹം മാർപാപ്പയുടെ അന്താരാഷ്ട്ര യാത്രാ ഷെഡ്യൂൾ കൈകാര്യം ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തമാണ് വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.