പഞ്ചാബ് കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് ഇന്ന്: അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസം; അംബാലയില്‍ നിരോധനാജ്ഞ

പഞ്ചാബ് കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് ഇന്ന്: അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസം; അംബാലയില്‍ നിരോധനാജ്ഞ

ചണ്ഡീഗഡ്: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് ഇന്ന് 'ദില്ലി ചലോ' മാര്‍ച്ച് ആരംഭിക്കുമെന്ന പഞ്ചാബിലെ കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാനയിലെ അംബാല ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ശംഭു അതിര്‍ത്തിയിലെ ദേശീയപാത 44-ല്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അംബാലയില്‍ മാത്രമല്ല, കര്‍ഷക നേതാവ് ജഗ്ജീത് സിങ് ഡല്ലേവാല്‍ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ജിന്ദിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്ത് ദിവസമായി ഡല്ലേവാല്‍ ഇവിടെ സമരത്തിലാണ്.

വിളകളുടെ താങ്ങു വിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനസ്ഥാപിക്കണം, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്നത്.

മാത്രമല്ല, 2021 ലെ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നീതി വേണമെന്നും 2020-21 കാലത്തെ കര്‍ഷക സമര കാലത്ത് ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഉത്തര്‍ പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം കര്‍ഷകര്‍ 'ദില്ലി ചലോ' എന്ന പേരില്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ നോയിഡ-ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. 1997 മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു  മാര്‍ച്ച്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.