അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി: കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

 അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനത്തിന്  അനുമതി: കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

കൊല്ലം: അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് മത്സ്യബന്ധനം നടത്തുന്നതിന് കേരള തീരം തുറന്നു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലുമായി 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ ഒപ്പിട്ടു.

ഇതിന്റെ പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. സ്പ്രിംക്ലറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ് നടന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഗൂഢാലോചന നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

4000 അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുള്ള വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍ കൊള്ളയാണ് ഈ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ മല്‍സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്.

കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പട്ടിണിയിലാകും. മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ട സംഘടനകളുമായി പോലും ചര്‍ച്ച ചെയ്തിട്ടില്ല. വിദേശ കപ്പലുകലെ നമ്മുടെ തീരത്തേക്ക് കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ഈ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി 2019 ല്‍ മല്‍സ്യ നയത്തില്‍ ആരോടും ആലോചിക്കാതെ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.