കുവൈറ്റിലെ ബാങ്കില്‍ നിന്ന് 700 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി; 1425 മലയാളികള്‍ക്കെതിരേ അന്വേഷണം

കുവൈറ്റിലെ ബാങ്കില്‍ നിന്ന് 700 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി; 1425 മലയാളികള്‍ക്കെതിരേ അന്വേഷണം

കൊച്ചി: കുവൈറ്റിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് കടന്ന മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കിന്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്. ഇവരില്‍ 700 ഓളം പേര്‍ നഴ്‌സുമാരാണ്.

വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാതെ കേരളം, അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിലേക്ക് കടന്നുവെന്നാണ് കുവൈറ്റ് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2020-22 കാലത്താണ് തട്ടിപ്പ് നടന്നത്. കുവൈറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയത്.

ആദ്യം ബാങ്കില്‍ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയ ശേഷം പ്രതികള്‍ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തട്ടിപ്പ് നടത്തിയവരില്‍ ഏറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ഇവിടെയെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ടത്.

ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതര്‍ കണ്ടു. നവംബര്‍ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നല്‍കിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേര്‍ക്കെതിരെ കേസെടുത്തത്.

കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന പൗരന്മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കും. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.