മുട്ടിലിഴയുന്നത് കേരളത്തിന്റെ അഭ്യസ്ത യൗവനമാണ്; പിടിച്ചുപറിക്കാരല്ല: സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

മുട്ടിലിഴയുന്നത് കേരളത്തിന്റെ അഭ്യസ്ത യൗവനമാണ്;  പിടിച്ചുപറിക്കാരല്ല: സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

കൊച്ചി:പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടരവേ സര്‍ക്കാരിനെ വിമര്‍ശിച്ച് എറണാകുളം- അങ്കമാലി അതിരൂപതയുടെ മുഖപത്രം 'സത്യദീപം'. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ഒരംഗം കുറച്ചുകാലം പുറത്തിരിക്കേണ്ടി വന്നതും മറ്റൊരു മന്ത്രി ഇതേ കാരണത്താല്‍ മാധ്യമ വിചാരണ നേരിട്ടതും ഇടതുസര്‍ക്കാരിന്റെ അഴിമതി രഹിത പ്രതിഛായ നേരത്തെ തന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

വലതു മന്ത്രിസഭയുടെ കാലത്ത് നടന്ന സമാനമായ നിയമന ഉത്തരവുകളുടെ പഴയ ഫയലുകള്‍ തപ്പിയെടുത്ത് സര്‍ക്കാര്‍ പ്രതിഷേധങ്ങളെ പ്രതിരോധിക്കുമ്പോള്‍, കളവിനെ മറ്റൊരു കളവുകൊണ്ട് ന്യായീകരിക്കുന്നതിനപ്പുറം നിയമന നയത്തില്‍ ഇരുകൂട്ടരും ഒരുപോലെയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഈ വിവാദം ഇടയാക്കിയെന്നും 'സത്യദീപം' മുഖപ്രസംഗം വ്യക്തമാക്കുന്നു.ഫെബ്രുവരി 24ന് പുറത്തിറങ്ങുന്ന ലക്കത്തിലാണ് 'മുട്ടിലിഴയുന്ന അഭ്യസ്ത കേരളം' എന്ന തലക്കെടിലുള്ള മുഖപ്രസംഗം.

സ്ത്രീകള്‍ അടക്കം സെക്രട്ടേറിയറ്റ് പടിക്കല്‍ ആത്മഹത്യ ഭീഷണിയുള്‍പ്പെടെയുള്ള സമരമുറകളുമായി പ്രതിഷേധിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നല്ല അവസരമായി കണ്ട് പ്രതിപക്ഷ കക്ഷികളും സജീവമായി രംഗത്തുണ്ടെന്നും 'സത്യദീപം' വിമര്‍ശിക്കുന്നു. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുകളിലെ നിയമനങ്ങളെ താത്ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, എന്തുകൊണ്ട് യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയാലും വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളിലുടെ താത്ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ക്കായി ചെലവഴിക്കുന്ന കോടികളെ ന്യായീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഷ്യത്തില്‍ കോര്‍പറേറ്റുകളുടെ ധാര്‍ഷ്ഠ്യമുണ്ടാകുന്നത് യാദൃശ്ചികമാണോ?

ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രത്യേക നൈപുണ്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലെന്നതാണ് എപ്പോഴും ആവര്‍ത്തിക്കുന്ന ന്യായം. കാലോചിതമായ പരിശീലന പരിപാടികളിലുടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ പരിചയത്തെ പുതുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? സര്‍ക്കാര്‍ ജോലി ലഭിക്കുന്നതോടെ ഏതെങ്കിലുമൊരു തൊഴില്‍ സംഘടനയിലെ അംഗത്വം വഴി ശിഷ്ടകാലം സുരക്ഷിതമാക്കുന്നതിലൂടെ ഇവര്‍ വെല്ലുവിളിക്കുന്നത് ഇവിടുത്തെ നികുതി ദായകരെയാണെന്ന് മറക്കരുത്.

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ എട്ടരലക്ഷത്തിലധികമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേകമായി വിഭജിച്ച് ഒരു മന്ത്രിയെ ഏല്പിച്ചുവെങ്കിലും നിലവാരമില്ലാത്ത പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാലടി യൂണിവേഴ്സിറ്റിയിലെ നിയമന വിവാദം.

നേരത്തെ നിശ്ചയിച്ചുറപ്പിച്ചവര്‍ക്കായി'സംവരണം' ചെയ്യപ്പെട്ടതിന്റെ തസ്തികയിലേക്ക് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ വേര്‍തിരിക്കപ്പെടുമ്പോള്‍, കഴിവും പ്രാപ്തിയും അനാവശ്യമായ ആഡംബരമാവുകയാണ്. സര്‍വ്വകലാശാല അധ്യാപകരുടെ നിലവാര തകര്‍ച്ച കേരളത്തിന്റെ ഗവേഷണ ഭാവിയുടെ അരക്ഷിതത്വത്തെയാണ് യഥാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നതെന്നും 'സത്യദീപം' ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതോടെ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരും കിനാവുമാണ് സെക്രട്ടേറിയറ്റ് നടയിലിപ്പോള്‍ വെയിലേറ്റുണങ്ങുന്നത്. ആദ്യം അവഗണിച്ചും, പിന്നീട് അവഹേളിച്ചും ഈ സമരത്തെ സര്‍ക്കാര്‍ തള്ളിപ്പറയുമ്പോള്‍, നേരത്തെ എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പി.എസ്.സി ഉത്തരക്കടലാസിലെ പാര്‍ട്ടി 'ഉള്ളടക്കം' ജനത്തിനിപ്പോഴും ഓര്‍മ്മയുണ്ട്.

പ്രതിഷേധക്കാരുടെ രാഷ്ട്രീയമല്ല, പ്രതിഷേധത്തിന്റെ രാഷ്ട്രീയമാണ് മുഖ്യമന്ത്രി തിരയേണ്ടത്. മറിച്ചായാല്‍ ഡല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ അര്‍ബന്‍ നക്സലുകളെ തിരയുന്ന മോഡി നയിക്കുന്ന സര്‍ക്കാരുമായി പിണറായി വിജയന്റെ ഇടതുസര്‍ക്കാരിന് സാദൃശ്യം സംശയിച്ചാല്‍ കുറ്റപ്പെടുത്തരുത്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ മുട്ടിലിഴയുന്നത് കേരളത്തിന്റെ അഭ്യസ്തയൗവനമാണ്. പിടിച്ചുപറിക്കാരല്ല എന്ന് മറക്കരുത്. സമരം തീര്‍ക്കാര്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും 'സത്യദീപം' ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.