ജസ്‌നയുടെ തിരോധാനം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

ജസ്‌നയുടെ തിരോധാനം: അന്വേഷണം  സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിലെ ജസ്ന മരിയ ജെയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്.

സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് ഡയറി അടക്കമുള്ള രേഖകളും അനുബന്ധ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറണം. വാഹനം, താമസം അടക്കുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

ജസ്നയുടെ സഹോദരന്‍ ജയ്സ് ജോണ്‍, കെ.എസ്.യു  സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. പല രീതിയിലും അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

2018 മാര്‍ച്ച് 20നാണ് ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ജെസ്‌ന മംഗലാപുരത്തെ ഇസ്ലാം മതപഠന കേന്ദ്രത്തിലുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.