ദുബായ്: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്കാണ് കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
ട്രെയിനിന്‍റെ വാതിലുകളില്‍ നില്‍ക്കുക, ക്യൂ ലംഘിച്ച് നീങ്ങുക, മറ്റ് യാത്രക്കാരെ പരിഗണിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയവയും ദുബായ് മെട്രോ വിലക്കിയിട്ടുണ്ട്. ചെറിയ കുറ്റങ്ങള്‍ക്ക് 100 ദിര്‍ഹം, മിതമായ കുറ്റകൃത്യങ്ങള്‍ക്ക് 200 ദിര്‍ഹം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 1000 ദിര്‍ഹം, അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് 2,000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ ഈടാക്കുക.
ചെറിയ കുറ്റങ്ങള്‍
ഏതെങ്കിലും വിധത്തിലുള്ള ശല്യം, മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം എന്നിവ ഉണ്ടാക്കുന്നത്, ഭിന്നശേഷിക്കാര്‍ പോലെയുള്ള പ്രത്യേക ഗ്രൂപ്പുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഇരിക്കുന്നത്, നിരോധിത മേഖലകളില്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുന്നത്, കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള വഴികാട്ടി നായ്ക്കള്‍ ഒഴികെ വളര്‍ത്തുമൃഗങ്ങളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരിക, മുന്നറിയിപ്പ് അടയാളങ്ങളുള്ള നോ അഡ്മിഷന്‍ മേഖലകളില്‍ പ്രവേശിക്കുക, യാത്രക്കാര്‍ക്കായി ഉള്ളതല്ലാത്ത ഇടങ്ങളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നത്, ഇരിപ്പിടങ്ങളില്‍ കാലുകള്‍ കയറ്റിവയ്ക്കുന്നത്, അവ കേടുവരുത്തുകയോ വൃത്തികേടാക്കുകകയോ ചെയ്യുക, ലിഫ്റ്റും എസ്‌കലേറ്ററും ദുരുപയോഗം ചെയ്യുക, മെട്രോയിലേക്ക് ഓടിക്കയറുകയോ ചാടിക്കയറുകയോ ചെയ്യുന്നത്, വാഹനം നീങ്ങുമ്പോള്‍ വാതിലുകള്‍ തുറക്കുകയോ മെട്രോയിലേക്ക് കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത്, മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ സുരക്ഷാ അപകടമുണ്ടാക്കുന്നതോ ആയ സാധനങ്ങള്‍ കൊണ്ടുപോകുന്നത്.
മിതമായ കുറ്റകൃത്യങ്ങള്‍
പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റില്ലാതെ ഫെയര്‍ സോണുകളില്‍ പ്രവേശിക്കുക, നോല്‍ കാര്‍ഡ് കാണിക്കുന്നതില്‍ പരാജയപ്പെടുകയോ കാലഹരണപ്പെട്ടതോ അസാധുവായതോ ആയ കാര്‍ഡുകള്‍ ഉപയോഗിക്കുകയോ മറ്റുള്ളവരുടെ കാര്‍ഡുകള്‍ ഉപയോഗിക്കുകയോ ചെയ്യുക,മുന്‍കൂര്‍ അനുമതിയില്ലാതെ നോല്‍ കാര്‍ഡുകള്‍ വില്‍ക്കുക, തുപ്പല്‍, മാലിന്യം വലിച്ചെറിയല്‍ തുടങ്ങി ഏതെങ്കിലും രീതിയില്‍ മെട്രോയെ വൃത്തികേടാക്കുക, ഏതെങ്കിലും പൊതുഗതാഗത സൗകര്യങ്ങളില്‍ വച്ച് പുകവലിക്കുക, അനുമതിയില്ലാതെ സാധനങ്ങള്‍ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുക, ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ അവരുടെ ചുമതലകള്‍ തടസ്സപ്പെടുത്തുകയോ ചെയ്യുക, സൈന്‍ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിയമങ്ങള്‍ അവഗണിക്കുക, ഡ്രൈവര്‍മാരെ തടസ്സപ്പെടുത്തുന്നതോ ശ്രദ്ധ തിരിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍, നിരോധിത സ്ഥലങ്ങളില്‍ ഉറങ്ങുന്നതിന് 300 ദിര്‍ഹമാണ് പിഴ.
ഗുരുതരമായ കുറ്റകൃത്യങ്ങള്‍
ആയുധങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, തീപിടിക്കുന്ന വസ്തുക്കള്‍ തുടങ്ങി അപകടകരമായ വസ്തുക്കള്‍ കൈവശം വയ്ക്കല്‍, നിരോധിത മേഖലകളില്‍ പ്രവേശിക്കുക, നിയുക്ത പ്രദേശങ്ങള്‍ക്ക് പുറത്ത് മെട്രോ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കല്‍.
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍
കാരണമില്ലാതെ എമര്‍ജന്‍സി ബട്ടണുകള്‍ അമര്‍ത്തുക, സുരക്ഷാ ഉപകരണങ്ങളോ എമര്‍ജന്‍സി എക്‌സിറ്റുകള്‍ പോലെയുള്ള ഉപകരണങ്ങളോ അനാവശ്യമായി ഉപയോഗിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.