വത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ കണ്ണീരിന് സ്വര്‍ഗം തുറക്കാനുള്ള ശക്തിയുണ്ടെന്നും തന്റെ കഴിവുകളോ മേന്മയോ അല്ല മറിച്ച്, ദൈവ പരിപാലനയുടെ സ്‌നേഹ സ്പര്‍ശമാണ് തന്റെ കര്‍ദിനാള്‍ പദവിയെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.
കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിന് റോമിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
സീറോ മലബാര്‍ സഭയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പാ നല്‍കിയ റോമിലെ വിശുദ്ധ അനസ്താസിയ ബസിലിക്കയില്‍ വച്ചായിരുന്നു പ്രൗഢ ഗംഭീരമായ സ്വീകരണ ചടങ്ങുകള്‍. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ ആഘോഷ പരിപാടികളില്‍ നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും പങ്കെടുത്തു.
പുതിയ കര്‍ദിനാളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അനുമോദന സമ്മേളനവും യുവജനങ്ങളുടെ നൃത്ത ശില്‍പവും തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ദിവ്യബലി മധ്യേ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വചന സന്ദേശം നല്‍കി.
സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് ദൈവം നാളിതുവരെ വിവിധ വ്യക്തികള്‍ വഴിയായി തനിക്കു തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും മറുപടി പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു.
അതോടൊപ്പം തന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി എന്നും നിലകൊണ്ടിട്ടുള്ളത് പാവങ്ങളോടുള്ള തന്റെ അടുപ്പം ഒന്ന് മാത്രമാണെന്നും അവരുടെ കണ്ണീരിന് സ്വര്‍ഗം പോലും തുറക്കുവാനുള്ള കരുത്തുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും അദേഹം പറഞ്ഞു.
നമ്മുടെ മുന്‍പില്‍ കൈ നീട്ടുന്നവന്റെ അവസ്ഥ മനസിലാക്കി ആ വ്യക്തിയുടെ അഭിമാനം ഹനിക്കാതെ അവന്റെ ജീവിതത്തില്‍ ഇടപെടുവാന്‍ അവന്റെ ഉള്ളിലെ ദൈവസാന്നിധ്യത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
സമൂഹത്തിന്റെ ഓരോ നിരകളിലുമുള്ളവര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം തനിക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ലെന്നും ഇതൊന്നു മാത്രമാണ് തന്റെ ജീവിതത്തിന്റെ ബലമായി നിലകൊണ്ടിട്ടുള്ളതെന്നും മാര്‍ ജോര്‍ജ് കൂവക്കാട് ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി അതിരൂപതധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, അര്‍ച്ച് ബിഷപ്പുമാരായ ജോസഫ് പെരുന്തോട്ടം, കുരിയാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് തോമസ് പാടിയത്ത് എന്നിവരോടൊപ്പം നിരവധി വൈദീകരും സന്യസ്തരും അല്‍മായരും പങ്കെടുത്തു.
യൂറോപ്പിലെ അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെയും ബസിലിക്കയുടെ റെക്ടറും വികാരിയുമായ ഫാ. ബാബു പാണാട്ടുപറമ്പിലിന്റെയും നേതൃത്വത്തതിലാണ് സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.