'ആരാണ് അനുമതി നല്‍കിയത്, എന്ത് നടപടിയെടുത്തു?'; നടുറോഡില്‍ സിപിഎം സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി

'ആരാണ് അനുമതി നല്‍കിയത്, എന്ത് നടപടിയെടുത്തു?'; നടുറോഡില്‍ സിപിഎം സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഎം പൊതുയോഗം നടത്തിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി പറഞ്ഞു.

വിഷയത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ജി പരിഗണിച്ച കോടതി, ആരാണ് ഇത്തരത്തില്‍ അനുമതി നല്‍കിയതെന്ന് ചോദിച്ചു. യാതൊരു കാരണവശാലും റോഡുകള്‍ കെട്ടിയടക്കരുതെന്ന് കോടതി മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അനുമതി കൊടുക്കുന്നത് ആരാണ്? യോഗത്തില്‍ പങ്കെടുത്തത് ആരൊക്കെയാണ്? അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതായി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

'കാല്‍നട യാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങള്‍ നടത്താന്‍ അധികാരം കിട്ടുന്നത്. സര്‍ക്കാര്‍ എന്തുകൊണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സിപിഎം സമ്മേളനങ്ങളുടെ പേരില്‍ വഴിയോരങ്ങളില്‍ രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച വഞ്ചിയൂരില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവന്‍ യാത്രക്കാരെ വലച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നിരവധിപേര്‍ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവന്‍ നീണ്ടുനിന്ന ഈ നിയമ ലംഘനം നടന്നത്.

അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയില്‍ കുടുങ്ങേണ്ടി വന്നവരില്‍ സ്‌കൂള്‍ കുട്ടികളും രോഗികളും കോടതികളില്‍ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു. സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കണ്ടാലറിയാവുന്ന അഞ്ഞൂറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.