കോണ്‍ഗ്രസ് നേതൃത്വം പോരാ; ഇന്ത്യ മുന്നണിയെ നയിക്കാന്‍ മമത വരണമെന്ന് സഖ്യകക്ഷി നേതാക്കള്‍

കോണ്‍ഗ്രസ് നേതൃത്വം പോരാ; ഇന്ത്യ മുന്നണിയെ നയിക്കാന്‍ മമത വരണമെന്ന് സഖ്യകക്ഷി നേതാക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയില്‍ അടുത്ത കാലത്തുണ്ടായ അസ്വാരസ്യങ്ങള്‍ പുതിയ തലത്തിലേക്ക്. മുന്നണിയുടെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.

ആര്‍ജെഡി മമതയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ കാര്യമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. മമത ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.

അച്ഛന്റെ തീരുമാനം തന്നെയാണ് തന്റേതെന്ന് മകനും പാര്‍ട്ടി നേതാവുമായ തേജസ്വി യാദവും വ്യക്തമാക്കി. മമതയെ പിന്തുണയ്ക്കുന്നു. എന്നാല്‍ കൂട്ടായ ആലോചനയിലൂടെ വേണം ഒരു തീരുമാനമുണ്ടാകാനെന്നും തേജസ്വി വ്യക്തമാക്കി.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടിയാണ് മമത തങ്ങളുടെ നേതാവായി വരണമെന്ന് കൂടുതല്‍ പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത്.

ഈ അവസരം മുതലെടുത്ത് മമതയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രമുഖ നേതാക്കളെല്ലാം രംഗത്തുണ്ട്. വൈ.എസ്.ആര്‍.സി.പി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവരെല്ലാം മമതയെ പിന്തുണക്കുന്നവരാണ്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ആരെങ്കിലും സഖ്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്തുണക്കുമെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ മമതയെ പിന്തുണച്ച് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് തങ്ങളുടെ ഈഗോ മാറ്റിവച്ച് ഇന്ത്യ മുന്നണി നേതാവായി മമത ബാനര്‍ജിയെ അംഗീകരിക്കണമെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു.

'നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി പരാജയമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണം. മമതയെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തുന്നത് കേവലം ഈഗോ കൊണ്ട് മാത്രമാണ്. രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ മമതയെ കണ്ടുപഠിക്കൂ'- കല്യാണ്‍ പറഞ്ഞു.

എന്നാല്‍ മമതയെ ഉടനൊന്നും നേതാവായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല എന്നാണ് സൂചന. ബംഗള്‍ വിട്ടു കഴിഞ്ഞാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണെന്നാണ് കോണ്‍ഗ്രസ് എംപി മണിക്കാം ടാഗോറിന്റെ ചോദ്യം.

ഗോവയിലും ത്രിപുരയിലും മണിപ്പൂരിലും ആസാമിലും മേഘാലയയിലും നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലും എന്താണ് സംഭവിച്ചതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് മറുപടി പറയണമെന്ന് മണിക്കാം ടാഗോര്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.