വത്തിക്കാൻ സിറ്റി : ഈ വർഷത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള തിരുപ്പിറവി രംഗവും ക്രിസ്തുമസ് ട്രീയും വത്തിക്കാനിൽ അനാവരണം ചെയ്തു. തടാകത്തിന് നടുവിലെ മുക്കുവരുടെ ചെറുകുടിലിൽ തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയും വള്ളത്തിൽ ഉണ്ണിയേശുവിനെ സന്ദർശിക്കാൻ വരുന്ന പൂജരാക്കൻമാരെയും ചിത്രീകരിച്ച് വ്യത്യസ്തമായ രീതിയിലാണ് തിരുപ്പിറവി രംഗം ദൃശ്യാവിഷ്‌കാരിച്ചിരിക്കുന്നത്.
അഡ്രിയാറ്റിക്ക് കടലിൽ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാക നഗരമായ ഗ്രാഡോ നിവാസികളാണ് പുൽക്കൂട് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
മനുഷ്യന്റെ ദാരിദ്ര്യത്തിൽ പങ്കുചേർന്ന് കൊണ്ടും മനുഷ്യകുലത്തിന്റെ ബലഹീനമായ വിഭവശേഷികളെ തന്റെ കൃപയാൽ വിശുദ്ധീകരിച്ചും ശാക്തീകരിച്ചും ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കാനായി ദൈവം ഭൂമിയിൽ ജനിച്ച ക്രിസ്മസിന്റെ മനോഹരമായ അടയാളമാണിതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 29 മീറ്റർ ഉയരമുള്ള ചത്വരത്തിലെ ഫിർ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ പറഞ്ഞു.
സഭയിലും ദേവാലയത്തിലും എല്ലാവർക്കും ഇടമുണ്ടെന്നും പാപികളെ തേടി ഈശോ വന്നതിനാൽ പാപികൾക്കാണ് മുൻഗണനയെന്നും പാപ്പ തുടർന്നു.
“ഗ്രാഡോ തടാകത്തിലാണ് ഈ വർഷത്തെ തിരുപ്പിറവി രംഗം ഒരുക്കിയിരിക്കുന്നത്. വെനീസിനും ട്രൈസ്റ്റിനുമിടയിൽ അഡ്രിയാറ്റിക് കടലിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 8,000 നിവാസികളുള്ള ഒരു പട്ടണമാണിത്. മേരി, ജോസഫ്, ഉണ്ണീശോ എന്നിവരുടെ പരമ്പരാഗത ക്രിസ്തുമസ് രൂപങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഒരു കുടിലിലാണ് ഒരുക്കിയിരിക്കുന്നത്” – തിരുപ്പിറവി രംഗത്തിന്റെ ആർക്കിടെക്റ്റും ഡിസൈനറും കൺസ്ട്രക്ഷൻ മാനേജരുമായ ആൻഡ്രിയ ഡി വാൾഡർസ്റ്റൈൻ പറഞ്ഞു.
വത്തിക്കാന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനായി പലസ്തീനിൽ നിന്ന് കലാകാരൻമാർ നിർമിച്ച പുൽക്കൂടുകളും എത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.