ബ്രിസ്‌ബെയ്നില്‍ സര്‍ക്കാര്‍ ലാബില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് മാരകമായ വൈറസ് സാമ്പിളുകള്‍ കാണാതായി: ഉന്നത തല അന്വേഷണം പുരോഗമിക്കുന്നു

ബ്രിസ്‌ബെയ്നില്‍ സര്‍ക്കാര്‍ ലാബില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് മാരകമായ വൈറസ് സാമ്പിളുകള്‍ കാണാതായി: ഉന്നത തല അന്വേഷണം പുരോഗമിക്കുന്നു

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയിലെ ബ്രിസ്‌ബെയ്നില്‍ സര്‍ക്കാര്‍ ലാബില്‍ സൂക്ഷിച്ചിരുന്ന മാരകമായ വൈറസുകള്‍ അടങ്ങിയ നൂറുകണക്കിന് കുപ്പികള്‍ കാണാതായി. ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഗുരുതരമായ ലംഘനമാണിതെന്ന് ക്വീന്‍സ് ലന്‍ഡ് ആരോഗ്യമന്ത്രി ടിം നിക്കോള്‍സ് പറഞ്ഞു. ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഹെന്‍ഡ്ര വൈറസ്, ലിസാവൈറസ്, ഹാന്റവൈറസ് എന്നിവയുള്‍പ്പെടെ ആക്ടീവായ മാരക വൈറസുകളുടെ 323 സാമ്പിളുകള്‍ 2021-ലാണ് കാണാതായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ക്വീന്‍സ്ലന്‍ഡിലെ പബ്ലിക് ഹെല്‍ത്ത് വൈറോളജി ലബോറട്ടറിയില്‍ നിന്നാണ് സാമ്പിളുകള്‍ കാണാതായത്.

2023 ഓഗസ്റ്റിലാണ് ഈ ലംഘനം കണ്ടെത്തിയത്, കാണാതായ നൂറോളം കുപ്പികളില്‍ ഹെന്‍ഡ്ര വൈറസ് അടങ്ങിയിട്ടുണ്ട്, ഇത് മാരകമാണ്. രണ്ട് കുപ്പികളില്‍ ഹാന്റവൈറസും 223 കുപ്പികളില്‍ ലിസാവൈറസിന്റെ സാമ്പിളുകളും ഉണ്ടായിരുന്നു. 1990-കളുടെ മധ്യത്തിലാണ് ഹെന്‍ഡ്ര വൈറസ് ആദ്യമായി കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ നിരവധി കുതിരകളെ ബാധിച്ച്, അവയുടെ മരണങ്ങള്‍ക്ക് കാരണമായ ഈ വൈറസ് വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ പിടിപെട്ടിട്ടുള്ളൂ, എന്നാല്‍ രോഗബാധിതരില്‍ വലിയൊരു വിഭാഗം മരിച്ചു.

'ഹെന്‍ഡ്ര വൈറസിന് മനുഷ്യരില്‍ 57 ശതമാനം മരണനിരക്കുണ്ട്, രോഗബാധിതരിലും അവരുടെ കുടുംബങ്ങളിലും വൈറസ് പടരുന്ന പ്രദേശങ്ങളിലെ വെറ്റിനറി, കുതിര വ്യവസായങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് - കോര്‍നെല്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് വെറ്ററിനറി മെഡിസിനിലെ പബ്ലിക് ആന്‍ഡ് ഇക്കോസിസ്റ്റം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസര്‍ റെയ്‌ന പ്ലോറൈറ്റ് പറഞ്ഞു.

ഹാന്റവൈറസിനെ എലികളാണ് വഹിക്കുന്നത്. ഇത് ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോമിന് (എച്ച്പിഎസ്) കാരണമാകും, അതിന്റെ മരണനിരക്ക് ഏകദേശം 38 ശതമാനമാണ്, അതേസമയം ലിസാവൈറസ് റാബിസിന് സമാനമാണ്, മാത്രമല്ല ഉയര്‍ന്ന മരണനിരക്കും ഉണ്ട്.

വൈറസുകള്‍ നശിപ്പിക്കപ്പെടുകയോ സുരക്ഷിതമായി നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന നിഗമനത്തിലെത്താന്‍ ലാബിന് കഴിഞ്ഞിട്ടില്ല, എന്നാല്‍ അവ ലബോറട്ടറിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി കരുതാന്‍ പറ്റിയ തെളിവുകള്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

'തീര്‍ച്ചയായും, ഇവ രഹസ്യമായി എടുത്തതാണ്, പക്ഷേ ഇത് ഏതെങ്കിലും വിധത്തില്‍ ആയുധമാക്കിയതായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്വീന്‍സ്ലാന്‍ഡിലെ പബ്ലിക് ഹെല്‍ത്ത് വൈറോളജി ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് സാമ്പിളുകള്‍ കണക്കില്‍പ്പെടാതെ പോയതായിരിക്കാമെന്ന സാധ്യതയും ലബോറട്ടറി അധികൃതര്‍ മുന്നോട്ടുവച്ചു.

സാമ്പികളുകള്‍ സൂക്ഷിക്കുന്നതിലെ പിഴവ് ഗുരുതരമാണെങ്കിലും സമൂഹത്തിന് അപകടസാധ്യത കുറവാണെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജോണ്‍ ജെറാര്‍ഡ് പറഞ്ഞു. ഈ വൈറസ് സാമ്പിളുകള്‍ ഫ്രീസറിന് പുറത്ത് വളരെ വേഗത്തില്‍ നശിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്വീന്‍സ്ലന്‍ഡിലെ ജനങ്ങളില്‍ ഹെന്‍ഡ്ര അല്ലെങ്കില്‍ ലിസാവൈറസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, ഓസ്ട്രേലിയയില്‍ ഇതുവരെ മനുഷ്യരില്‍ ഹാന്റവൈറസ് അണുബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.