സിഡ്‌നി: സ്വര്‍ണത്തോക്കുമായി സിഡ്‌നി വിമാനത്താവളത്തില്‍ അറസ്റ്റിലായ 30കാരിക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയ അമേരിക്കന്‍ യുവതിയുടെ ലഗേജില്‍ നിന്നാണ് രണ്ട് ലക്ഷത്തിലേറെ വരുന്ന സ്വര്‍ണം പൊതിഞ്ഞ തോക്കും തിരകളും കണ്ടെത്തിയത്. സ്വയ രക്ഷയ്ക്കായി കരുതിയതെന്നും വിമാനത്താവള അധികൃതരോട് വിശദമാക്കാന്‍ മറന്നുപോയതെന്നുമാണ് തോക്ക് കണ്ടെത്തിയപ്പോള്‍ യുവതി പ്രതികരിച്ചത്.
ലിലിയാന ഗുഡ്‌സണ്‍ എന്ന യുവതിക്കാണ് സിഡ്‌നിയിലെ ഡൗണിംഗ് സെന്‍ട്രല്‍ ലോക്കല്‍ കോടതി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതില്‍ ആദ്യ നാല് മാസത്തെ തടവ് ശിക്ഷ ജയിലില്‍ തന്നെ കഴിയണമെന്നും കോടതി വിശദമാക്കിയിട്ടുണ്ട്. ശരീരമാസകലം തുളച്ച് അണിഞ്ഞിരുന്ന നിരവധി ആഭരണങ്ങള്‍ നീക്കിയ ശേഷമാണ് ഇവരെ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചത്. 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ തോക്ക് പ്രവര്‍ത്തനക്ഷമമായിരുന്നു.
ഓസ്‌ട്രേലിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനാവശ്യത്തിനാണ് യുവതി എത്തിയത്. തോക്ക് ലഗേജിലുള്ള വിവരം മറന്ന് പോയെന്ന യുവതിയുടെ വാദം പൊളിയാന്‍ 31കാരിയുടെ ഫോണ്‍ പരിശോധന കാരണമായിരുന്നു. തോക്ക് ബാഗില്‍ എടുത്ത് വയ്ക്കണമെന്ന് ഫോണില്‍ നിരവധി തവണ റിമൈന്‍ഡര്‍ വച്ച യുവതി നിരവധി തവണ വിമാനത്താവളത്തില്‍ വെടിക്കോപ്പ് കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് യുവതിയുടെ ബാഗില്‍ സ്വര്‍ണ തോക്ക് കണ്ടെത്തിയത്.
സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് യുവതിയുടെ ശിക്ഷയെന്നാണ് കോടതി വിലയിരുത്തുന്നത്. പുതിയ സ്ഥലത്ത് തനിക്ക് സ്വയ രക്ഷ ലക്ഷ്യമിട്ടാണ് തോക്ക് കരുതിയതെന്നായിരുന്നു കേസിന്റെ അവസാനം വരെയും 31കാരി വാദിച്ചത്. അടുത്തകാലത്തായി മാനസികാരോഗ്യ സംബന്ധിയായ മരുന്നുകളും കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിമരുന്നുകള്‍ കഴിച്ചിരുന്നതായാണ് ഇവരുടെ വൈദ്യ പരിശോധനയില്‍ വ്യക്തമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.