ന്യൂഡല്‍ഹി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി.
വയനാട് വിഷയം അടക്കം ഉയര്‍ത്തിയാണ് ബില്ലിനെതിരെ തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
വിദ്ഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇടക്കാല സഹായം അനുവദിക്കുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. കേരളത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചു. വയനാടിന് സഹായം നല്‍കാന്‍ എന്തിനാണ് മടി കാണിക്കുന്നതെന്നും തരൂര്‍ ചോദിച്ചു.
വയനാട്ടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 ലധികം പേര്‍ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തില്‍ ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എടുത്തു ചാടി ബില്‍ അവതരിപ്പിക്കുകയാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു.
എന്‍ഡിആര്‍എഫ് വിതരണത്തില്‍ വേര്‍തിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടില്‍ സംഭവിച്ചത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള കഴിവ് പുതിയ ബില്ലിനും ഇല്ല. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ഇനി രാജ്യത്തുണ്ടാകരുത്.
കേരളം പോലെ പ്രളയ സാഹചര്യം ആവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന ഒന്നും പുതിയ ബില്ലിലില്ല. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല. എംപിമാരെ കേള്‍ക്കാന്‍ അവസരം നല്‍കുന്നില്ല. ബില്‍ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.