പാലക്കാട് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; സംഭവം ഞെട്ടിക്കുന്നതും ദാരുണവുമെന്ന് മുഖ്യമന്ത്രി

 പാലക്കാട് അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; സംഭവം ഞെട്ടിക്കുന്നതും ദാരുണവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി പാഞ്ഞുകയറി വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉടന്‍ സംഭവസ്ഥലത്തെത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പരിക്കേറ്റ കുട്ടികള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളാണ് ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മരിച്ചത്. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്.

ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് നാല് പേരും. മൂന്ന് വിദ്യാര്‍ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണ് ഉള്ളത്.

പനയമ്പാടത്ത് ഇതുവരെ ഉണ്ടായത് 55 അപകടങ്ങള്‍

പാലക്കാട് കരിമ്പ പനയമ്പാടത്ത് ലോറി ഇടിച്ചുകയറി 4 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പാലക്കാട്-കോഴിക്കോട് ദേശിയപാത നാട്ടുകാര്‍ ഉപരോധിക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.

ജില്ലാ കളക്ടറും ജനപ്രതിനിധികളും എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പാലക്കാട് കരിമ്പാ പഞ്ചായത്തിലെ പനയമ്പാടത്ത് സ്ഥിരമായി അപകടം ഉണ്ടാകുന്നു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

ഇവിടെ ഇതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴ് മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ വ്യക്തമായിരുന്നു.

2021 ല്‍ വിഷുവിന് ഇവിടെ രണ്ട് പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.