മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ പ്രസിഡൻറ് ; ഗാസയിലെ പ്രതിസന്ധി, വത്തിക്കാനും പാലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്നീ വിഷയങ്ങളിൽ ചർച്ച

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ പ്രസിഡൻറ് ; ഗാസയിലെ പ്രതിസന്ധി, വത്തിക്കാനും പാലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്നീ വിഷയങ്ങളിൽ ചർച്ച

വത്തിക്കാൻ സിറ്റി : ഇസ്രയേലും പാല്സ്തിനും തമ്മിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടെ പാലസ്തീൻ പ്രസിഡൻറ് മെഹമ്മൂദ് അബ്ബാസ് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ പ്രസിഡന്റിനെ മാർപാപ്പ സ്വീകരിച്ചു.

മുപ്പത് മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഗാസയിലെ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭ പാലസ്തീൻ സമൂഹത്തിന് നൽകുന്ന സംഭാവനകൾ, വത്തിക്കാനും പാലസ്തീനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ ചർച്ചാവിഷയമായി.

എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകേണ്ടതിൻറെയും എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടേണ്ടതിൻറെയും ആവശ്യകതയും കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. എല്ലാത്തരം ഭീകരതയെയും ആവർത്തിച്ച് അപലപിക്കുകയും സംഭാഷണത്തിലൂടെയും നയതന്ത്ര സമീപനത്തിലൂടെയും ഇസ്രായേൽ പാലസ്തീൻ പ്രശ്നം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

കൂടിക്കാഴ്ചക്കിടെ വിശുദ്ധ പോർഫിരിയസിന്റെ രൂപവും 2014 ൽ ഫ്രാൻസിസ് പാപ്പ ബെത്ലഹേം മതിൽ സന്ദർശിച്ചതിൻറെ ഒരു ചിത്രവും പ്രസിഡൻറ് അബ്ബാസ് പാപ്പായ്ക്ക് സമ്മാനിച്ചു. ലോക സമാധാന ദിനത്തിനായുള്ള സന്ദേശവും നിരവധി സമ്മാനങ്ങളും ഫ്രാൻസിസ് മാർപാപ്പ പാലസ്തീൻ പ്രസിഡൻ്റിന് കൈമാറി.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡൻറ് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശ നാടുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിൻറെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായും കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ വർഷം നവംബറിൽ പാലസ്തീൻ പ്രസിഡൻറ് മെഹമ്മൂദ് അബ്ബാസുമായി പാപ്പ ഫോണിൽ സംസാരിച്ചിരുന്നു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.