വിദേശ രാജ്യങ്ങളില്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഏറ്റവും കൂടുതല്‍ യു.എസില്‍

വിദേശ രാജ്യങ്ങളില്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഏറ്റവും കൂടുതല്‍ യു.എസില്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കേന്ദ്ര സര്‍ക്കാര്‍. 2023 ല്‍ 86 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്‌തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇരകളായത് യു.എസിലാണ്. 12 കേസുകളാണ് യു.എസില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കാനഡ, യു.കെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 10 വീതം പേര്‍ ഇരകളായി. ഫിലിപ്പൈന്‍സിലും നേരിയ വര്‍ധനവുണ്ട്.

വിവിധ രാജ്യങ്ങളിലായി 2021 ല്‍ 29 പേരും 2022 ല്‍ 57 പേരുമാണ് ആക്രമണത്തിന് ഇരയായത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്നും കീര്‍ത്തി വര്‍ധന്‍ സിങ് അറിയിച്ചു.

ഇത്തരം സംഭവങ്ങളില്‍ ശരിയായ അന്വേഷണം നടക്കുന്നുണ്ടോയെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുണ്ടോയെന്നും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളെ സമീപിക്കുമെന്നും അദേഹം വ്യക്തമാക്കി. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വമേധയാ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും അദേഹം പുറത്തുവിട്ടു. വിദേശ പൗരത്വത്തിനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള എണ്ണം ലഭ്യമല്ല. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, അള്‍ജീരിയ, ഓസ്ട്രിയ, ഗ്രീസ്, ഇറാന്‍, ഇറാഖ്, ചൈന, പാകിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിങ്ങനെ ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പേരും കേന്ദ്രമന്ത്രി പുറത്തുവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.