സിബിഐ വരുന്നതില്‍ പ്രതീക്ഷയെന്ന് ജെസ്‌നയുടെ പിതാവ്; അന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ക്രൈബ്രാഞ്ച്

സിബിഐ വരുന്നതില്‍ പ്രതീക്ഷയെന്ന് ജെസ്‌നയുടെ പിതാവ്;  അന്വേഷണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ക്രൈബ്രാഞ്ച്

പത്തനംതിട്ട: ജെസ്‌ന മരിയയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തതില്‍ വലിയ പ്രതീക്ഷയിലാണ് ജെസ്‌നയുടെ കൊല്ലമുളയിലെ കുന്നത്ത് കുടുംബവും ബന്ധുക്കളും നാട്ടുകാരും. കുടുംബത്തിന്റെയാകെ കണ്ണീരിനും പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകുമെന്ന് പിതാവ് ജെയിംസ് ജോസഫ് പ്രതികരിച്ചു.

ഹൈക്കോടതി സിബിഐക്ക് അന്വേഷണം കൈമാറിയതില്‍ സന്തോഷമുണ്ട്. ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ ഫലമുണ്ടായില്ല. മൂന്നു വര്‍ഷമായി മകളെ കാണാതായിട്ട്. മകള്‍ എവിടെ എന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസിനു സാധിച്ചില്ല. പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു.

അന്വേഷണ ചുമതലയുണ്ടായിരുന്ന റിട്ട. എസ്പി കെ.ജി.സൈമണ്‍, ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി എന്നിവരുടെ പേരിലാണ് ഹേബിയസ് കോര്‍പസ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ പേരില്‍ ഹേബിയസ് കോര്‍പസ് നല്‍കിയാല്‍ തള്ളിപ്പോകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പിന്‍വലിച്ചെന്നും  ജയിംസ് ജോസഫ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌നയെ പിന്നീട് കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.

മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടര്‍ന്നു സഹപാഠിയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തില്‍ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരോധാനം നിയമസഭയിലും കോലാഹലങ്ങള്‍ക്കു വഴിവച്ചു.

പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്‌ന പോയതായി സിസി ടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും അറിയില്ല.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം തേടി. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2020 മേയില്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ജെസ്‌നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന പുറത്തുവിട്ടതോടെ വിഷയം വീണ്ടും വഴിത്തിരിവിലെത്തി.

വാര്‍ത്തയ്ക്കു പിന്നാലെ അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍, ജെസ്‌നയുടെ വെച്ചൂച്ചിറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും ഊഹോപോഹങ്ങള്‍ക്കു വഴിവച്ചു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സംഘം തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ജെസ്‌നയെ കാണാതായ സംഭവത്തില്‍ ഗൗരവതരവും സങ്കീര്‍ണവുമായ കാര്യങ്ങളുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതെന്നു സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയെ കാണാതായ സംഭവത്തില്‍ നടത്തിയ അന്വേഷണവും നേരിട്ട ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കഴിഞ്ഞ നവംബറില്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു.

ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം ഇങ്ങനെ:

2018 ഒക്ടോബര്‍ 12നാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതെന്നു വിശദീകരണത്തില്‍ അറിയിച്ചു. കാണാതാവുന്ന 2018 മാര്‍ച്ച് 22ന് ജെസ്‌ന അയല്‍വാസി സിജോമോന്റെ ഓട്ടോറിക്ഷയില്‍ വീട്ടില്‍നിന്ന് രാവിലെ 9.20ന് പുറപ്പെട്ടു. അടുത്തുള്ള ടൗണായ മുക്കൂട്ടുത്തറയിലെത്തിയ ജെസ്‌ന അവിടെ നിന്ന് കോട്ടയം ചാത്തന്‍തറ റൂട്ടിലോടുന്ന തോംസണ്‍ ട്രാവല്‍സ് പ്രൈവറ്റ് ബസില്‍ എരുമേലിയിലേക്ക് യാത്രയായി. എരുമേലിയില്‍ വച്ച് സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിയായിരുന്ന ഫിറോസ് കെ. ഫൈസലും അമ്മ ഷെഫീനയും ജെസ്‌നയെ കണ്ടു.

യാത്രയില്‍ ഇരുവരും മാത്രമാണു ജെസ്‌നയെ കണ്ടത്. ഫിറോസും മാതാവും കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പോയതാണ്. ജെസ്‌ന പിന്നീട് എരുമേലിമുണ്ടക്കയം റൂട്ടിലോടുന്ന ശിവഗംഗ എന്ന ബസില്‍ രാവിലെ പത്തിനു കയറി. മുണ്ടക്കയത്ത് രാവിലെ 10.30ന് എത്തേണ്ട ബസാണിത്. ഈ യാത്രയില്‍ കണ്ണിമല സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെയും കരിനിലം എന്ന സ്ഥലത്തുള്ള സ്വകാര്യ വ്യക്തിയുടെ വീടിന്റെയും ക്യാമറകളില്‍ ജെസ്‌നയുടെ ദൃശ്യം പതിഞ്ഞിരുന്നു.

എന്നാല്‍ കരിനിലത്തിനു ശേഷം ജെസ്‌നയെക്കുറിച്ച് വിവരമില്ല. ജെസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എല്ലാവിധ പരിശ്രമവും നടത്തി. പക്ഷേ ഇതുവരെ ഫലം കണ്ടിട്ടില്ല. ജെസ്നയെ കണ്ടെത്താന്‍ കഴിയുന്നതിന് തടസ്സമാകുന്ന ഒട്ടേറെ കാരണങ്ങളും റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വിശദീകരിച്ചു. കോവിഡ് കാലമായതിനാല്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞ ഏഴുമാസമായി കഴിഞ്ഞിട്ടില്ലന്നും വിശദീകരണത്തില്‍ പറയുന്നു.

അന്ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയവും ക്രൈം ബ്രാഞ്ച് ചോദിച്ചിരുന്നു. ജെസ്‌ന വീടുവിട്ടുപോകാന്‍ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നു ജെസ്‌നയ്ക്കു മാനസിക പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.

സുഹൃത്തുക്കളുമായി അല്ലാതെ മറ്റ് ആണ്‍കുട്ടികളുമായി ബന്ധമുള്ളതായിട്ടോ ജെസ്നയുടെ കുടുംബവുമായി ആര്‍ക്കെങ്കിലും വിരോധം ഉള്ളതായോ കണ്ടെത്താനായിട്ടില്ല. മരിക്കാന്‍ പോകുകയാണെന്ന് കാട്ടി ജെസ്ന മൊബൈലില്‍ മെസേജ് അയച്ചതായി എബിന്‍ ജേക്കബ് എന്ന സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊബൈല്‍ മെസേജ് കണ്ടെത്താനായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.