നീതിന്യായ വ്യവസ്ഥ ശക്തമായിരുന്നെങ്കില്‍ മോഡിയും യോഗിയും ജയിലിലാകും: പുരി ശങ്കരാചാര്യര്‍; പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി

നീതിന്യായ വ്യവസ്ഥ ശക്തമായിരുന്നെങ്കില്‍ മോഡിയും യോഗിയും ജയിലിലാകും: പുരി ശങ്കരാചാര്യര്‍; പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ആഞ്ഞടിച്ച് പുരിയിലെ ശങ്കരാചാര്യര്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി.

ഇന്ത്യയില്‍ ശക്തവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കില്‍ ഇരുവരും നിയമപരമായ പ്രത്യാഘാതങ്ങളും ജയില്‍ വാസവും നേരിടേണ്ടി വരുമെന്ന് അദേഹം പറഞ്ഞു. ശ്രീ മഹാകലേശ്വര്‍ ക്ഷേത്ര ഭരണസമിതി സംഘടിപ്പിച്ച ധര്‍മ്മ സഭയില്‍ പങ്കെടുത്ത ശേഷം ഉജ്ജയിനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വാമി നിശ്ചലാനന്ദ.

'ഒരു തീവ്രവാദി ശങ്കരാചാര്യരായി വരുന്നു. ഇതാണോ പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കടമ? ഇതിന് അവരെ ശിക്ഷിക്കാന്‍ പ്രാപ്തിയുള്ള ഒരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലില്ല' -ശങ്കരാചാര്യര്‍ പറഞ്ഞു.

രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശക്തികളുടെയും സ്വാധീനമില്ലാതെ പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവുമായ നിയമ സംവിധാനം ആവശ്യമുണ്ട്. ശക്തരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ജുഡീഷ്യറിയുടെ കഴിവില്ലായ്മ പൊതുവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദേഹം പറഞ്ഞു.

2014 ല്‍ മോഡിയെ പിന്തുണച്ചതില്‍ അദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് അനുഗ്രഹം തേടി മോഡി പുരിയിലെത്തിയിരുന്നു. അതിനിടെ ശങ്കരാചാര്യരുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നു. 'ഭയമില്ലാത്ത ജഗത്ഗുരു' എന്ന് അദേഹം പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എക്‌സില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.