'ഹാപ്പി ബര്‍ത്ത്‌ഡേ പാപ്പാ'... ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യന് ഇന്ന് എണ്‍പത്തെട്ടാം പിറന്നാള്‍

'ഹാപ്പി ബര്‍ത്ത്‌ഡേ പാപ്പാ'... ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യന് ഇന്ന് എണ്‍പത്തെട്ടാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എണ്‍പത്തെട്ടാം പിറന്നാള്‍.

കോര്‍സിക്കയിലെ സന്ദര്‍ശനത്തോടെ 2024 ലെ അവസാന അപ്പസ്‌തോലിക സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഇന്നലെ റോമില്‍ മടങ്ങിയെത്തി. പതിവ് പോലെ ലളിതമായ ചടങ്ങുകള്‍ മാത്രമേ മാര്‍പാപ്പയുടെ ഇന്നത്തെ ജന്മദിനത്തിലും ഉണ്ടാകൂ.

ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനിയയിലെ ബ്യൂണസ് അയേഴ്‌സില്‍ കുടിയേറിയ റെയില്‍വേ ജീവനക്കാരനായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും മരിയ സിവോരിയയുടെയും മകനായി 1936 ഡിസംബര്‍ 17 നാണ് ജനനം. ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു പേര്. 2013 മാര്‍ച്ച് 19 ന് മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചത്.

ലളിത ജീവിതത്തിന്റെ പര്യായമായ, രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമമാണ് അദേഹം സ്വീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുന്നത്.

ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ നിന്നുള്ള ആദ്യത്തെ പാപ്പ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ, ക്രിസ്തീയ സന്യാസി സമൂഹമായ ഈശോ സഭയില്‍ നിന്നുള്ള ആദ്യത്തെ പാപ്പ, 1282 വര്‍ഷത്തിന് ശേഷം ആദ്യമായി യൂറോപ്പിന് പുറത്തു നിന്ന് പാപ്പ പദവിയിലെത്തിയ വ്യക്തി എന്നീ നിലകളിലെല്ലാം അദേഹം ശ്രദ്ധേയനാണ്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെ യാത്ര ചെയ്യാനും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താല്‍പര്യപെടുന്ന പോപ് ഫ്രാന്‍സിസ് ശാരീരിക അവശതകള്‍ക്കിടയിലും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

അതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സുകളിലേക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ യു.എ.ഇ സന്ദര്‍ശിച്ചത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും യു.എ.ഇയിലെ കത്തോലിക്കാ വിശ്വാസികളുടെയും ക്ഷണപ്രകാരമാണ് മാര്‍പാപ്പയെത്തിയത്.

സന്ദര്‍ശന വേളയില്‍ ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുത്തത്. ഐക്യ അറബ് നാടുകളും വത്തിക്കാനുമായുള്ള നയതന്ത്ര, സൗഹൃദ ബന്ധത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. 2025 ല്‍ അദേഹം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന സന്തോഷ വാര്‍ത്തയുമുണ്ട്.

അതിനിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷവും ലഘൂകരിക്കുന്നതിന് പാപ്പ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്തു.

അതേസമയം സഭയില്‍ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചതോടെ 'മാറ്റങ്ങളുടെ പാപ്പാ'യെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പരിശുദ്ധ പിതാവിന്റെ നല്ല മാറ്റങ്ങള്‍ക്കായുള്ള പ്രയത്‌നങ്ങള്‍ മാറ്റമില്ലാതെ തുടരട്ടെ... അദേഹത്തിന് ജന്മദിന ആശംസകള്‍ നേരുന്നതിനൊപ്പം ദീര്‍ഘായുസും ആശംസിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.