കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് നീക്കി. ചര്‍ച്ചയില്‍ കളക്ടര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.
ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. നാട്ടുകാരുടെ ആവശ്യങ്ങളില്‍ വിശദമായി ഓരോകാര്യവും ചര്‍ച്ച ചെയ്തുവെന്നും അദേഹം പറഞ്ഞു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അറിയിച്ച ശേഷം മൃതദേഹം എടുക്കാനുള്ള അനുവാദം നല്‍കണമെന്ന് കളക്ടര്‍ നാട്ടുകാരോട് കൈക്കൂപ്പിയാണ് അപേക്ഷിച്ചത്. 10 ലക്ഷം രൂപ അടിയന്തര ധനസഹായം ഉടന്‍ തന്നെ മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് കൈമാറും. ഡി.എഫ്.ഒ ചെക്ക് ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ചൊവ്വാഴ്ച തുടങ്ങും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21 ന് പുനരാരംഭിക്കും. അഞ്ച് ദിവസത്തിനുള്ളില്‍ വഴി വിളക്ക് പുനസ്ഥാപിക്കും. 27 ന് കളക്ടര്‍ നേരിട്ട് വന്ന് അവലോകനം നടത്തും. ആര്‍.ആര്‍.ടിക്ക് വാഹന സൗകര്യവും ഉറപ്പാക്കും. വാഹനത്തിനായി എം.എല്‍.എ. ഫണ്ട് അനുവദിക്കും. അതുവരെ വാടകയ്ക്കെടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനം ആയത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്ക് പ്രതിഷേധ റാലിയും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.