കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ ഭരണമുണ്ടായാല്‍ അത് ദുരന്തമാകുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. പിണറായി ഏകാധിപതിയാണെന്നും ആര്‍ക്കും അധികാരം വിട്ടു കൊടുക്കുന്നില്ലെന്നും പറഞ്ഞ ശ്രീധരന്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കാറുളളതെന്നും ആരോപിച്ചു.
ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സ്വര്‍ണക്കടത്ത്, അഴിമതി അങ്ങനെ ഒരുപാട് സംഭവങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പത്തില്‍ മൂന്നു മാര്‍ക്കുപോലും പിണറായിക്ക് നല്‍കാനാവില്ല. അനാവശ്യമായി പരസ്യം നല്‍കി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണ്. എത്രമാത്രം പരസ്യമാണ് നല്‍കുന്നത്. ഇങ്ങനെ പരസ്യം ചെയ്യാന്‍ കോടികള്‍ വേണം. പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. മത്സരാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത്. ചില ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ഇ.ശ്രീധരന്‍ ചോദിച്ചു.
സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടായേക്കാം. നിലവില്‍ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ബിജെപിക്കെതിരെയുണ്ട്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. രാജ്യസഭാംഗമാവാന്‍ താല്‍പര്യമില്ല. രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.