അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അശ്വിന്‍; പ്രഖ്യാപനം അപ്രതീക്ഷിതം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അശ്വിന്‍; പ്രഖ്യാപനം അപ്രതീക്ഷിതം

ബ്രിസ്ബേന്‍: ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ഓസ്ട്രേലിയയ്ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇത് തന്റെ അവസാന ദിവസമാണെന്നാണ് 38 കാരന്‍ പറഞ്ഞത്. ക്ലബ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

'ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഇത് എന്റെ അവസാന ദിവസമായിരിക്കും. എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ക്ലബ് ലെവല്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതെന്റെ അവസാന ദിനമായിരിക്കും. ഈ യാത്ര ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു. രോഹിതിനും മറ്റ് നിരവധി ടീമംഗങ്ങള്‍ക്കും ഒപ്പം എനിക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്'- അശ്വിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

2010 ജൂണിലാണ് അശ്വിന്‍ ഇന്ത്യയ്ക്കായി അരങ്ങേറുന്നത്. പന്തിന് പുറമെ ബാറ്റുകൊണ്ടും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനങ്ങള്‍ അശ്വിന്‍ കാഴ്ചവച്ചിട്ടുണ്ട്. 106 ടെസ്റ്റുകളില്‍ നിന്നും 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആറ് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 3503 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്.

ഫോര്‍മാറ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ അശ്വിനായി. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് അശ്വിന്റെ വിരമിക്കല്‍. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെയാണ്. ഏറ്റവും വേഗത്തില്‍ 350 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച താരം (66) ഫോര്‍മാറ്റില്‍ അശ്വിന്റെ റെക്കോഡുകള്‍ ഇനിയും ഏറെയാണ്.

116 ഏകദിനങ്ങളില്‍ നിന്നും 156 വിക്കറ്റും ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 707 റണ്‍സും നേടിയിട്ടുണ്ട്. 65 ടി20കളില്‍ 72 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 118 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2011 ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലും അശ്വിനുണ്ടായിരുന്നു. 2024 ഡിസംബര്‍ ആറിന് അഡ്ലെയ് ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അവസാന മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.