മുംബൈ: മുബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം കടലില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 99 പേരെ രക്ഷപ്പെടുത്തി.
രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ യാത്രാ ബോട്ട് കടലില്‍ മറിയുകയായിരുന്നു.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് യാത്ര ബോട്ടില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് ചീറിപ്പാഞ്ഞു വന്ന് ഇടിച്ചത്.
അപകടം നടക്കുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാ ബോട്ടില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്പീഡ് ബോട്ട് കടലില്‍ സിഗ്‌സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ പാഞ്ഞെത്തുന്നതും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തില്‍ കാണാം.
സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറിയതെന്ന് നാവിക സേന അറിയിച്ചു. നാവിക സേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്നാണ് വിവരം. നാവിക സേനയുടെ ബോട്ടില്‍ രണ്ട് നാവിക സേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 നാവിക സേനാ ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചതായി പ്രതിരോധ സേനാ വക്താവ് പറഞ്ഞു.
നാല് ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്ര ബോട്ടില്‍ ഉണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.