കൊച്ചി: കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്നുവെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍. തീവ്രവാദത്തെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളതെന്നും കമ്മീഷന്‍ വിലയിരുത്തി.
വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീയ-തീവ്രവാദ ചിന്തകള്‍ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികള്‍ക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങള്‍ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കെസിബിസി തലത്തില്‍ പൊതുവായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളില്‍ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാവിധ തീവ്രവാദ വര്‍ഗീയ നിലപാടുകളെയും ഒരുപോലെ തള്ളിപ്പറയുക എന്നതിനപ്പുറം മറ്റൊരു നിലപാടും കത്തോലിക്കാ സഭാ നേതൃത്വത്തിന് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.
എല്ലാ മത-സമുദായ-ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങളും അപ്രകാരം തന്നെ ചെയ്യണമെന്നുമാണ് സഭയുടെ പക്ഷം. ഈ കാലഘട്ടത്തില്‍ പല വിധത്തില്‍ വര്‍ധിച്ച് വരുന്ന വിഭാഗീയ ചിന്തകളും വിദ്വേഷ പ്രവണതകളും മതവിശ്വാസങ്ങളുടെ പക്ഷം ചേര്‍ന്ന് വന്നിട്ടുള്ള വര്‍ഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളുടെ വക്താക്കളിലൂടെയാണ് സമൂഹത്തില്‍ പ്രചരിച്ചിട്ടുള്ളത്. എല്ലാത്തരം വിഭാഗീയ, വര്‍ഗീയ പ്രത്യയശാസ്ത്രങ്ങളും ഒന്നുപോലെ ഇല്ലാതാവുകയാണ് ഈ നാടിന്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും ആവശ്യം. അതിനാല്‍ മാനവികതയ്ക്കും സാഹോദര്യ ചിന്തകള്‍ക്കും സഹവര്‍ത്തിത്വത്തിനും ഉയര്‍ന്ന പരിഗണന നല്‍കിക്കൊണ്ട് എല്ലാ നേതൃത്വങ്ങളും ഇത്തരം ദുഷ്പ്രവണതകളെ അകറ്റി നിര്‍ത്തണം.
ബഹുസ്വരതയുടെ അന്തരീക്ഷം മാനിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് ആധുനിക സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. ബഹുസ്വരതയും സഹവര്‍ത്തിത്വവും മാനവികതയുമാണ് ആധുനിക സംസ്‌കാരത്തിന്റെ അടിത്തറയും കാതലും. അത്തരം മൂല്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടോ മാറ്റിനിര്‍ത്തിക്കൊണ്ടോ ഒരു സമൂഹ പുനര്‍നിര്‍മ്മിതി അസാധ്യമാണ്. അതിനുള്ള ശ്രമങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത വിള്ളലുകളിലേയ്ക്കും തകര്‍ച്ചയിലേയ്ക്കും ഈ സമൂഹത്തെ നയിക്കും.
മതങ്ങളെ മറയാക്കി ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും എന്നും എതിര്‍ക്കുന്ന, അത്തരക്കാരെ തുറന്നു കാട്ടുന്ന കത്തോലിക്കാ സഭ സ്വന്തം സമുദായത്തിനുള്ളിലും വേരുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഇതര മത വിദ്വേഷം പടര്‍ത്തുന്ന നിലപാടുകളെയും പ്രസ്ഥാനങ്ങളെയും ഗൗരവമായി നിരീക്ഷിക്കുകയും തിരുത്തുകയും തിരുത്തപ്പെടാന്‍ തയ്യാറല്ലെങ്കില്‍ തള്ളിപ്പറയുകയും ചെയ്യും. അത് സഭയുടെ അജപാലന ധര്‍മ്മം മാത്രമല്ല,
പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ നിറവേറ്റല്‍ കൂടിയാണ്. സ്വസമുദായത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇതര മതങ്ങളെയോ സമുദായങ്ങളെയോ അനാദരിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടായിരിക്കരുത് എന്ന് സഭ ആഗ്രഹിക്കുന്നു.
സഭയുടെ ഇത്തരം ഉറച്ച നിലപാടുകള്‍ക്ക് വിരുദ്ധമായ ധാരണകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇത്തരം നിലപാടുകള്‍ വെളിപ്പെടുത്തപ്പെടുമ്പോള്‍ അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരോ, മാനവിക മൂല്യങ്ങളെ വിലമതിക്കാന്‍ തയ്യാറുള്ളവരോ ആയിരിക്കുന്നവരാകാന്‍ ഇടയില്ല. ഇത്തരത്തില്‍ വിഭാഗീയതകള്‍ വളര്‍ത്തുന്നവരെ തിരിച്ചറിയാനും സഹവര്‍ത്തിത്വവും ബഹുസ്വരതയും ഉറപ്പുവരുത്താനും ഈ മതേതര സമൂഹം സജ്ജമാകണമെന്നും കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ആവ്യപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.