കാപ്പനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; തീരുമാനം യുഡിഎഫിന് വിട്ടു

കാപ്പനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു;  തീരുമാനം യുഡിഎഫിന് വിട്ടു

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലി എന്‍സിപി വിട്ടു വന്ന മാണി സി കാപ്പനെ യുഡിഎഫില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുന്നു. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കട്ടെ എന്ന ഉറച്ച നിലപാടിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇന്ന് നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഈ നിലപാട് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ചു. അതേസമയം എല്‍ഡിഎഫില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടതെന്നും പരമാവധി ആളുകള്‍ എല്‍ഡിഎഫ് വിട്ട് കാപ്പനൊപ്പം യുഡിഎഫിലെത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കാപ്പന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കൃത്യമായ ധാരണ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. 12 സീറ്റ് വേണമെന്ന പി.ജെ ജോസഫിന്റെ ആവശ്യത്തിന് വഴങ്ങി കൊടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ എംപിമാരും പാര്‍ലമെന്റ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയോജകമണ്ഡലങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

എന്നാല്‍ തന്നെ യുഡിഎഫില്‍ ഘടകക്ഷിയായി ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അക്കാര്യം അറിയിച്ചിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ നിന്നാല്‍ തനിക്ക് പാലായില്‍ ജയിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി വിട്ട് തന്നോടൊപ്പം വന്നവരെ കൂട്ടി പുതിയ പാര്‍ട്ടിയുണ്ടാക്കുവാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍. ഇതിനായി പത്തംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.