കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇത് കൂടാതെ വീട് കയറി ആക്രമിച്ചതിന് ആറ് വർഷം തടവ് ശിക്ഷയും ആംസ് ആക്‌ട് പ്രകാരം മൂന്ന് വർഷം തടവും ആയുധം കൈവശം വച്ചതിന് രണ്ട് വർഷം എന്നിങ്ങനെ പ്രത്യേകം ശിക്ഷയും അനുഭവിക്കണം. സെഷൻസ് ജഡ്‌ജി ജെ. നാസർ ആണ് വിധി പ്രസ്താവിച്ചത്.
സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ജോർജ് കുര്യന് നഷ്ടം വന്നതോടെ കുടുംബവകയിൽ നിന്ന് 2.33 ഏക്കർ സ്ഥലം പിതാവിനോട് ചോദിച്ചിരുന്നു.
ഇവിടെ വീടുകൾ നിർമ്മിച്ച് വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ രണ്ടേക്കർ നൽകിയാൽ മതിയെന്നും മുഴുവനും കൊടുത്താൽ കുടുംബ വീടിനോട് ചേർന്ന് ഹൗസിംഗ് കോളനിയാകുമെന്നും ചൂണ്ടിക്കാട്ടി രഞ്ജു തടസം നിന്നു. മാത്യു സ്കറിയയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ തൻ്റെ വിദേശ നിർമിത റിവോൾവറിന് ജോർജ് കുര്യൻ വെടി വയ്ക്കുകയായിരുന്നു.
കേസിൽ 2023 ഏപ്രിൽ 24 നാണ് വിചാരണ ആരംഭിച്ചത്. 278 പ്രമാണങ്ങളും റിവോൾവറും ഉൾപ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കടക്കൽ, തോക്ക് ചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തൽ, ആയുധ നിയമം എന്നീ മുഴുവൻ വകുപ്പുകളും തെളിയിക്കാൻ പ്രോസിക്യൂഷനായി.
സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് ഇതുവരെ ജാമ്യവും ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.