വത്തിക്കാൻ സിറ്റി: ഓരോ മനുഷ്യനിലുമുള്ള ദൈവത്തിന്റെ സാന്നിധ്യവും അവിടുത്തെ സ്നേഹവും തിരിച്ചറിയണമെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, ആഗമന കാലത്തിലെ നാലാം ഞായറാഴ്ചയായ ഇന്നലെ, ത്രികാല പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പ.
മാതൃത്വം എന്ന ദാനവും ജീവൻ എന്ന അത്ഭുതവുമായിരുന്നു മാർപാപ്പയുടെ പ്രസംഗത്തിൻ്റെ കേന്ദ്ര വിഷയം.
അമ്മയുടെ ഉദരത്തിൽ സംവഹിക്കപ്പെടുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ജീവൻ എന്ന ദാനത്തെക്കുറിച്ചും പ്രത്യേകമായി ചിന്തിക്കാനുള്ള അവസരമാണ് ക്രിസ്മസ് കാലമെന്ന് മാർപാപ്പ പറഞ്ഞു.
പരിശുദ്ധ കന്യകാമറിയവും അവളുടെ ചാർച്ചക്കാരിയും സ്നാപക യോഹന്നാന്റെ അമ്മയുമായ എലിസബത്തും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്. അസാധാരണ മാതൃത്വത്തിന് ഉടമകളായിത്തീർന്ന രണ്ടു സ്ത്രീകൾ തങ്ങളുടെ ആനന്ദം പരസ്പരം പങ്കുവയ്ക്കുന്നത് സുവിശേഷത്തിൽ നാം കാണുന്നുവെന്ന് പാപ്പാ പറഞ്ഞു.
അമ്മമാർക്ക് അനുഗ്രഹവും ജീവനെ പ്രതി ദൈവത്തിനു സ്തുതിയും
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരിക്കുന്ന ഗർഭിണികളെയും, കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരെയും പരിശുദ്ധ പിതാവ് അഭിനന്ദിച്ചു. 'അവരുടെ സാന്നിധ്യത്തിന് നമുക്ക് പ്രത്യേക പരിഗണന നൽകാം. എലിസബത്തും മറിയവും ചെയ്തതു പോലെ അമ്മമാരെ അനുഗ്രഹിക്കുകയും ജീവനെന്ന അത്ഭുതത്തെപ്രതി ദൈവത്തെ സ്തുതിക്കുകയും ചെയ്യാം' - മാർപാപ്പ പറഞ്ഞു.
ഉദരത്തിലോ കരങ്ങളിലോ കുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാരെ കാണുമ്പോൾ നാം സന്തോഷിക്കണം. അവരെ അനുഗ്രഹിക്കാനും അവരുടെ മാതൃത്വത്തെയോർത്ത് ദൈവത്തിനു നന്ദി പറയാനും നാം ശീലിക്കണം - പാപ്പാ കൂട്ടിച്ചേർത്തു.
ജീവൻ്റെ പവിത്രമായ മൂല്യത്തിനുള്ള പിന്തുണ
ഇറ്റലിയിലും ലോകമെമ്പാടും പുൽകൂടുകളിൽ സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങൾ ആശിർവദിക്കുന്ന പരമ്പരാഗതമായ ചടങ്ങിനുമുമ്പ്, വിശ്വാസികൾക്ക് ആത്മശോധനയ്ക്കായി ഏതാനും ചോദ്യങ്ങളും ഫ്രാൻസിസ് പാപ്പ മുന്നോട്ടുവച്ചു. നമ്മിലൊരുവനെപ്പോലെ മനുഷ്യനായിത്തീരുകയും പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും നമ്മോടു സദൃശനാവുകയും ചെയ്ത കർത്താവിന് ഞാൻ നന്ദി പറയാറുണ്ടോ?
ലോകത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞിനെയും പ്രതി ഞാൻ അവിടുത്തെ സ്തുതിക്കുകയും അവിടുത്തെ നാമം വാഴ്ത്തുകയും ചെയ്യാറുണ്ടോ? മാതാവിന്റെ ഗർഭത്തിൽ ഉരുവാകുന്ന നിമിഷം മുതലുള്ള ജീവനെ പവിത്രമായ കരുതി, അതിന് സംരക്ഷണവും പിന്തുണയും ഞാൻ നൽകാറുണ്ടോ?
അത്ഭുതത്തോടും കൃതജ്ഞതയോടുംകൂടെ ജീവൻ്റെ പ്രാരംഭദശയും അതിൻ്റെ നിഗൂഢതയും അനുഭവിച്ചറിയുന്നതിന്, സ്ത്രീകളിൽ ഏറ്റവും അനുഗ്രഹീതയായ മറിയം നമ്മെ പ്രാപ്തരാകട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26