'ഒരുവശത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ തടയുക; എന്നിട്ട് ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക, ഇതാണ് ബിജെപി': സന്ദീപ് വാര്യര്‍

'ഒരുവശത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ തടയുക; എന്നിട്ട് ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക, ഇതാണ് ബിജെപി': സന്ദീപ് വാര്യര്‍

പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അടുത്തയിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇതുവരെ സംഭവത്തെ തള്ളിക്കളഞ്ഞിട്ടില്ലെന്നും മൗനം സമ്മതമായെടുക്കാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും അവരുടെ ആഘോഷങ്ങളെ തടയുകയും ചെയ്യുന്നു. എന്നാല്‍ മറുവശത്ത് വോട്ടിന് വേണ്ടി കപട നാടകം കളിക്കുകയാണെന്നും അദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

'പാലക്കാട് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക. ഇതാണ് ബിജെപി.'- സന്ദീപ് കുറിച്ചു.

സംഭവത്തില്‍ നല്ലേപ്പിള്ളി സ്വദേശികളും വിഎച്ച്പി പ്രാദേശിക നേതാക്കളുമായ വടക്കുംതറ കെ.അനില്‍കുമാര്‍ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ (52), തെക്കുമുറി വേലായുധന്‍ (58) എന്നിവരെ ചിറ്റൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറയല്‍, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്‌കൂള്‍ പ്രധാനാധ്യാപികയുടെ പരാതിയിലാണ് നടപടി.

വെള്ളിയാഴ്ചയാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി അല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു അതിക്രമിച്ച് കയറി സംഘപരിവാര്‍ പ്രവര്‍ത്തകരായ മൂന്ന് പേരുടെയും നിലപാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.