നേതൃത്വത്തെ പ്രീണിപ്പിച്ച് നിര്‍ത്തി ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമം: വിമര്‍ശനവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

നേതൃത്വത്തെ പ്രീണിപ്പിച്ച് നിര്‍ത്തി ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമം: വിമര്‍ശനവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ നീക്കം.

തൃശൂര്‍: ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്ത് പോയി പ്രധാനമന്ത്രി ക്രൈസ്തവസഭാ നേതാക്കളെ കാണുകയും അവിടെയുള്ള പുല്‍ക്കൂട്ടില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുമ്പോള്‍ അദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക ഘടകം പാലക്കാട് രണ്ട് സ്‌കൂളുകളില്‍ പുല്‍ക്കൂട് നശിപ്പിക്കുകയും അത് ക്രമീകരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന്  ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

ഇവിടെ വ്യക്തമായ വൈരുധ്യമുണ്ട്. അതില്‍ കാണുന്ന ഒരു ലക്ഷ്യം ഒരേ സമയം നേതൃത്വത്തെ പ്രീണിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ഊതിക്കൊണ്ട് കഴുത്തറക്കുന്നു എന്ന് പറയുന്നത് പോലെ ആ സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത് ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദേഹം പറഞ്ഞു.

അങ്ങനെ അല്ലാത്തവര്‍ ഒന്നുകില്‍ പുറത്തു പോവുകയോ അല്ലെങ്കില്‍ അടിമകളായി ജീവിക്കുകയോ ചെയ്യണം എന്നുള്ളതാണ്. പക്ഷേ അത് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അത് തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.

നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിഎച്ച്പി നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

രണ്ട് സംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സ്‌കൂളുകള്‍ സന്ദര്‍ശിച്ചശേഷം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സി.സി ടി.വികള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.