സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അസഹിഷ്ണുത; നടപടി ആവശ്യപ്പെട്ട് പാലക്കാട് രൂപത

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അസഹിഷ്ണുത; നടപടി ആവശ്യപ്പെട്ട് പാലക്കാട് രൂപത

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളി, തത്തമംഗലം എന്നീ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അസഹിഷ്ണുതയില്‍ പ്രതികരണവുമായി പാലക്കാട് രൂപത. രണ്ട് സ്‌കൂളുകളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുവെന്ന് പാലക്കാട് രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'ഇത്തരം വര്‍ഗീയ നിലപാടുകള്‍ സമാധാനവും സഹോദര്യവും ഇഷ്ടപ്പെടുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നു. രണ്ട് സംഭവവും ക്രൈസ്തവര്‍ക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയുമായി മാത്രമേ കാണാന്‍ കഴിയൂ. ആക്രമണത്തിന് കാരണക്കാരായവരെ മാതൃകപരമായി ശിക്ഷിക്കണം. സമൂഹത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം'- രൂപത പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ കരോള്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യു.പി സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്.

തത്തമംഗലം യു.പി സ്‌കൂളില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് തകര്‍ത്തതായും പരാതി ഉയര്‍ന്നിരുന്നു. പാലക്കാട് തത്തമംഗലം ജി.ബി യു.പി സ്‌കൂളിലായിരുന്നു സംഭവം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പാലക്കാട് രൂപതയുടെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ രൂപം:

പാലക്കാട് രൂപതയിലെ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലും തത്തമംഗലം ഗവണ്‍മെന്റ് യു.പി സ്‌കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും രൂപതയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. മത സൗഹാര്‍ദത്തിന് പുകള്‍പെറ്റ കേരളത്തില്‍ സഹിഷ്ണുത നഷ്ടപ്പെടുത്തുന്ന വര്‍ഗീയ നിലപാടുകള്‍ സമാധാനവും സാഹോദര്യവും ഇഷ്ടപ്പെടുന്ന ജനത്തെ ഭയപ്പെടുത്തുകയാണ്.

ക്രിസ്മസ് പരീക്ഷ അവസാനിച്ചതിന് ശേഷം അധ്യാപകരും പിടിഎയും കുഞ്ഞുങ്ങളും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ സ്‌കൂളുകളിലേയ്ക്ക് കയറിച്ചെന്ന് അവര്‍ക്ക് നേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടികളും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി സ്‌കൂളില്‍ ഒരുക്കിയ പുല്‍ക്കൂട് ആരും കാണാതെ തകര്‍ത്തെറിഞ്ഞ സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തികളും ക്രൈസ്തവതയ്ക്ക് നേരെ കരുതികൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയും ആയി മാത്രമേ കാണാന്‍ സാധിക്കൂ.

സമാനമായ ഒറ്റപ്പെട്ട മറ്റ് സംഭവങ്ങളും ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുകയും സമൂഹത്തില്‍ മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പാലക്കാട് രൂപത ആവശ്യപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.