കൊച്ചി: മത്സര മോഹികളായ നേതാക്കളുടെ ഇടിച്ചു കയറ്റം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത വെല്ലുവിളിയാകുന്നു. ഒരു ഡസനിലേറെ മത്സരാര്‍ത്ഥികള്‍ സീറ്റിനായി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ കോണ്‍ഗ്രസ് പരമാവധി ഓഫര്‍ ചെയ്യുന്നത് എട്ട് സീറ്റാണ്. ജോസഫ് ആവശ്യപ്പെടുന്നത് 12 സീറ്റും.
നിലവില്‍ സീറ്റുറപ്പിച്ചത് സിറ്റിംഗ് എംഎല്‍എമാരായ പാര്‍ട്ടി നേതാവ് പി.ജെ ജോസഫും മോന്‍സ് ജോസഫും മാത്രമാണ്. ജോസഫ് തൊടുപുഴയിലും മോന്‍സ് കടുത്തുരുത്തിയിലും മത്സരിക്കും. സീറ്റ് ലഭിക്കാത്ത നേതാക്കള്‍ വിമതന്‍മാരായി രംഗപ്രവേശം ചെയ്യുകയോ പാര്‍ട്ടി പിളര്‍ത്തുകയോ ചെയ്യാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്തിയെത്തുന്നവരെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം അപ്പുറത്ത് കാത്തിരിക്കുകയുമാണ്. ചില ഓഫറുകളും അവര്‍ നല്‍കിയിട്ടുണ്ട്.
പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പി.സി ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. അതല്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോട്ടയം ജില്ലയില്‍ പി.ജെ ജോസഫിനൊപ്പം നില്‍ക്കുന്ന ജോസഫ് മഞ്ഞക്കടമ്പന് വേണ്ടിയാണ് ജോസഫ് പൂഞ്ഞാര്‍ ചോദിക്കുന്നത്.
എറണാകുളം ജില്ലയില്‍ കോതമംഗലവും മുവാറ്റുപുഴയുമാണ് ജോസഫ് ആവശ്യപ്പെടുന്നത്. ഇതില്‍ മൂവാറ്റുപുഴ കോണ്‍ഗ്രസ് വിട്ടു നല്‍കാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ അവിടെ നിന്ന് തോറ്റ ജോസഫ് വാഴയ്ക്കന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും. ഫ്രാന്‍സിസ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും അടുത്തിടെ വന്ന ജോണി നെല്ലൂര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും മൂവാറ്റുപുഴ നല്‍കാനാണ് ജോസഫ് വിഭാഗം താല്‍പര്യപ്പെടുന്നത്. ഇവരുടെ പേരുകള്‍ കോതമംഗലത്തും പരിഗണിയ്ക്കുന്നുണ്ട്.
എന്നാല്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജോണി നെല്ലൂരിനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. പേരാമ്പ്ര നല്‍കി തിരുവമ്പാടി മുസ്ലിം ലീഗില്‍ നിന്നും വാങ്ങാനുള്ള ആഗ്രഹം ജോസഫ് വിഭാഗം പ്രകടിപ്പിച്ചിരുന്നെങ്കിലും ലീഗ് സമ്മതിച്ചിട്ടില്ല.
മുന്‍ ചീഫ് വിപ്പായിരുന്ന ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടന് ഏറെക്കുറെ ഉറപ്പാണ്. കോണ്‍ഗ്രസ് വിട്ടു നല്‍കുമെന്ന് ഉറപ്പില്ലാത്ത തിരുവല്ല സീറ്റിനായി രണ്ട് നേതാക്കളാണ് രംഗത്തുള്ളത്. ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് എം പുതുശ്ശേരി എന്നിവരാണ് ചരട് വലികള്‍ തുടങ്ങിയത്. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമിന്റെ പേരിനാണ് മുഖ്യ പരിഗണന. ചങ്ങനാശ്ശേരിയില്‍ സി.എഫ് തോമസിന്റെ കുടുംബത്തില്‍നിന്ന് ഒരാളെ മത്സരിപ്പിക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.