എം.ടിയെന്ന അക്ഷര നക്ഷത്രം ഇനി നിത്യതയുടെ ആകാശ തീരങ്ങളില്‍

എം.ടിയെന്ന അക്ഷര നക്ഷത്രം ഇനി നിത്യതയുടെ ആകാശ തീരങ്ങളില്‍

കോഴിക്കോട്: നക്ഷത്രങ്ങള്‍ ചിരിതൂകി നിന്ന ക്രിസ്മസ് രാവില്‍ മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ച് മിഴിയടച്ച  അക്ഷര നക്ഷത്രത്തിന് വള്ളുവനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നിത്യനിദ്ര.

മലയാള സാഹിത്യത്തില്‍ ഔന്ന്യത്യത്തിന്റെ പൊന്‍ തൂവല്‍ പൊഴിച്ച ഇന്ദ്ര ധനുസ്... അക്ഷരങ്ങളില്‍ വീരഗാഥകള്‍ തീര്‍ത്ത ഇതിഹാസം... കണ്ണാന്തളി പൂക്കളെ പ്രണയിച്ച എഴുത്തുകാരന്‍... എം.ടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യ വിസ്മയം നിത്യതയുടെ ആകാശ തീരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.

തന്റെ കഥാപാത്രങ്ങളിലൂടെ സമസ്ത വികാരങ്ങളേയും മനുഷ്യ മനസുകളിലേക്ക് സന്നിവേശിപ്പിച്ച, ആര്‍ദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും മലയാളികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ പ്രിയ കഥാകാരന്‍ ഇനിയില്ല. ഏഴ് പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞു നിന്ന അതുല്യ പ്രതിഭയാണ് മലയാളത്തോട് വിടപറഞ്ഞു പോയത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിലായിരുന്നു സംസ്‌കാരം. എം.ടിയുടെ സഹോദര പുത്രന്‍ ടി. സതീശനാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തിനാണ് തൊണ്ണൂറ്റൊന്നുകാരനായ എം.ടി തന്റെ കര്‍മ ഭൂമികയോട് വിട പറഞ്ഞത്.

കോഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന അദേഹത്തിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാ-സാസ്‌കാരിക-സാഹിത്യ- രാഷ്ട്രീയ രംഗത്തുള്ള ആയിരങ്ങളാണ് എത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.