ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളുടെ പേരിലും ഡിജിറ്റല്‍ തട്ടിപ്പ്. രാജ്യത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രധാന്‍മന്ത്രി കിസാന്‍ യോജന, വീടില്ലാത്തവര്‍ക്ക് ഭവന നിര്‍മാണത്തിനുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന എന്നീ പദ്ധതികളുടെ പേരിലാണ് പുതിയ തട്ടിപ്പ്.
കാര്‍ഷിക ധനസഹായം, വീട് നിര്‍മിക്കാന്‍ പണം എന്നീ മോഹന വാഗ്ദാനങ്ങളുമായി നിങ്ങളുടെ ഫോണിലേക്കെത്തുന്ന സന്ദേശവും ഒപ്പം നല്‍കിയിട്ടുള്ള ലിങ്കുമാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആപ്പ് എന്ന നിലയിലാണ് സന്ദേശത്തിനൊപ്പമുള്ള ലിങ്ക്.
രൂപത്തിലും ഭാവത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ആപ്പാണിതെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താലോ നിങ്ങളുടെ പണം നഷ്ടപ്പെടുമെന്നത് നിസംശയം പറയാം.
മെസേജ് ആയോ കോള്‍ ആയോ പരിചയമുള്ള ഏതെങ്കിലും ഒരു വാട്സ് ആപ്പ് നമ്പറില്‍ നിന്നാവും തട്ടിപ്പ് സംഘം സമീപിക്കുക. ലിങ്ക് തുറന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ആകുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ നിങ്ങളുടെ യുപിഐ അക്കൗണ്ടിന്റെ പിന്‍ കോഡ് നമ്പര്‍ മാറ്റാന്‍ നിര്‍ദേശം വരും. ഇതോടെ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പ് രീതി.
ഇതോടൊപ്പം ആദ്യ സന്ദേശത്തോടെ തന്നെ നിങ്ങളുടെ വാട്സ് ആപ്പും ഹാക്ക് ചെയ്യപ്പെടും. തുടര്‍ന്ന് നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ടില്‍ നിന്ന് പരിചയക്കാര്‍ക്കും ഗ്രൂപ്പുകളിലും തട്ടിപ്പ് സംഘം സമാന സന്ദേശങ്ങള്‍ അയയ്ക്കാന്‍ ആരംഭിക്കും. ഇതോടെ കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയാകുന്നു.
സംസ്ഥാനത്ത് ഇതോടകം നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. കേന്ദ്ര സഹായങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.