തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന 'ബോണ്‍ നതാലെ' ഇന്ന് പൂര നഗരിയെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് 'ബോണ്‍ നതാലെ' സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ഇന്ന് തൃശൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂര്‍ നഗര പ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളോട് അനുബന്ധിച്ച്ഇന്ന്  രാവിലെ എട്ട്  മുതല്‍ നാളെ രാവിലെ എട്ട് വരെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങള്‍ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ആര്‍.  ഇളങ്കോ പറഞ്ഞു. ഈ മേഖലകളില്‍ ഡ്രോണ്‍ ക്യാമറകളുടെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചു.
ഡ്രോണ്‍ ക്യാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2021 ലെ ഡ്രോണ്‍ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോണ്‍ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂള്‍ പ്രകാരം ചെയ്യുന്നത്. 
ബോണ്‍ നതാലെയില്‍ 60 അടിയോളം നീളമുള്ള ചലിക്കുന്ന എല്‍ഇഡി ഏദന്‍ തോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങള്‍ തയ്യാറാക്കുന്ന 21 നിശ്ചല ദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകര്‍ഷകമാക്കും. സെന്റ് തോമസ് കോളജ് റോഡ് പരിസരത്തു നിന്ന് ഉച്ചകഴിഞ്ഞ്  മൂന്നിനാണ് നതാലെ ആരംഭിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.