ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ സ്വയം ചാട്ടവാറിന് അടിച്ച് പ്രതിഷേധം അറിയിച്ച് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഇന്ന് രാവിലെയാണ് സ്വന്തം വീടിന് മുന്നില്‍ അണ്ണമലൈ പ്രതിഷേധം നടത്തിയത്. കൂടാതെ 48 ദിവസത്തെ വ്രതവും തുടങ്ങി.
പച്ച നിറത്തിലുള്ള മുണ്ടുടുത്ത് വീടിന് പുറത്തേക്ക് വന്ന അദേഹം ചാട്ടവാറ് കൊണ്ട് സ്വന്തം ദേഹത്ത് ആറ് തവണ അടിക്കുകയായിരുന്നു. ശേഷം ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ പത്തിന് തന്റെ വീടിന് മുന്നില്‍ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം ബലാത്സംഗ കേസിലെ പ്രതി നില്‍ക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോണ്‍ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഡിഎംകെ സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറ് തവണ ശരീരത്തിലടിച്ചത്.
ഡിസംബര്‍ 23 ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.