പുതുവത്സരത്തില്‍ കൊച്ചിയില്‍ ഇത്തവണ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ ഹൈക്കോടതി അനുമതി

പുതുവത്സരത്തില്‍ കൊച്ചിയില്‍ ഇത്തവണ  രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.

പരേഡ് ഗ്രൗണ്ടിന് പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.

സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം. 40 അടി ഉയരമുള്ള വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.

ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി നിര്‍മ്മിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചു മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പുതുവര്‍ഷത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.