വത്തിക്കാൻ സിറ്റി: ഡിസംബർ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നതോടെ കത്തോലിക്കാ സഭയുടെ 2025-ലെ ജൂബിലി വർഷത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞിരിക്കുകയാണ്. ഈയവസരത്തിൽ,1900-ലെ ജൂബിലി വർഷം മുതൽ തുടർന്നിങ്ങോട്ട് വിശുദ്ധ വാതിൽ തുറന്നപ്പോളുള്ള ചടങ്ങുകളിൽനിന്ന് ചില സുപ്രധാന നിമിഷങ്ങൾ ഇവിടെ അനുസ്മരിക്കുന്നു.
വിശുദ്ധ വാതിലും ജൂബിലി വർഷങ്ങളും
'ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും' (യോഹന്നാന്‍ 10 : 9) എന്ന തിരുവചനമാണ്, മധ്യകാലഘട്ടം മുതൽ തുടർന്നുവരുന്ന ഈ പാരമ്പര്യത്തിന് അധാരം. വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്ന ആദ്യ തീർത്ഥാടകൻ എപ്പോഴും റോമിന്റെ മെത്രാനായ മാർപാപ്പയാണ്. വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങിലൂടെയാണ് എല്ലാ ജൂബിലി വർഷങ്ങളും ആരംഭിക്കുന്നത്. അതിനുശേഷം, തീർത്ഥാടകർക്ക് പ്രവേശിക്കാനായി ഒരു വർഷം മുഴുവൻ ആ വാതിൽ തുറന്നിടും.
വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നത്, മാനസാന്തരത്തിന്റെയും ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പിതാവുമായി ഒന്നാകുന്നതിന്റെയും പ്രതീകാത്മകമായ സൂചനയാണ്. ശ്രേഷ്ഠാചാര്യനായ മാർപാപ്പയെ പിന്തുടർന്ന്, ലോകത്തിലേക്ക് തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ പിതാവിൻ്റെ ഭവനത്തിലേക്ക് ക്ഷമയുടെ മാർഗ്ഗത്തിൽ സഭ നടത്തുന്ന തീർത്ഥാടനത്തെയാണ് ജൂബിലി വർഷങ്ങളുടെ ചരിത്രം നമ്മെ അനുസ്മരിപ്പിക്കുന്നത്.
1423-ൽ, ആ വർഷം പ്രഖ്യാപിക്കപ്പെട്ട ജൂബിലിയോടനുബന്ധിച്ച്, സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന്, മാർട്ടിൻ അഞ്ചാമൻ മാർപാപ്പയാണ് ഇപ്രകാരം ഒരു പതിവ് സഭയിൽ ആരംഭിച്ചതായി വത്തിക്കാൻ രേഖകളിൽ കാണപ്പെടുന്നത്. അതേത്തുടർന്ന്, 1499 -ലെ ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ ഉത്തരവിലൂടെ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങ് റോമിലെ മറ്റു ബസിലിക്കകളിലേക്കും വ്യാപിപ്പിച്ചു.
1900-ലെ ജൂബിലി
ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടുക എന്നതായിരുന്നു 1900-ലെ ജൂബിലി വർഷത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. 1899 ഡിസംബർ 24-ാം തീയതി വിശുദ്ധ വാതിൽ തുറക്കപ്പെട്ടു. വത്തിക്കാൻ്റെ ഔദ്യോഗിക പത്രമായ 'ഒസെർവത്തോരെ റൊമാനോ'യുടെ ക്രിസ്മസ് പതിപ്പിൽ വന്ന റിപ്പോർട്ടനുസരിച്ച് അസാധാരണമായ തിരക്കാണ് അന്ന് നഗരത്തിലുടനീളം അനുഭവപ്പെട്ടത്. കർദിനാൾമാരും മെത്രാൻമാരും നയതന്ത്രജ്ഞരുമുൾപ്പെടുന്ന വലിയ ഒരു ജനാവലിയാണ് അന്ന് നഗരത്തിന്റെ നിരത്തുകളിലൂടെ ഒഴുകിയെത്തിയത്. ആദ്യം ലിയോ പതിമൂന്നാമൻ മാർപാപ്പ വിശുദ്ധ വാതിലിലൂടെ കടന്ന് ബസിലിക്കയിൽ പ്രവേശിച്ചു. ചടങ്ങുകൾ അവസാനിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകുകയും ചെയ്തു.
1925-ലെ വിശുദ്ധ വർഷം
1924 ഡിസംബർ 24-ന് പയസ് പതിനൊന്നാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നു. വിശുദ്ധ വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ആഘോഷപൂർവ്വമായ ചടങ്ങുകൾ നടന്നു. ലോകമെമ്പാടും നിന്നെത്തിയ മെത്രാന്മാർ സമ്മാനിച്ച ഒരു ചുറ്റിക ഉപയോഗിച്ച് പാപ്പ വിശുദ്ധ വാതിലിൽ മൂന്നുപ്രാവശ്യം മുട്ടി അത് തുറക്കുകയും ജൂബിലി വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1933-ലെ ജൂബിലി
ക്രിസ്തുവിന്റെ മരണത്തിന്റെ 1900-മത് വാർഷികത്തോടനുബന്ധിച്ച് 1933-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ ഒരു അസാധാരണ ജൂബിലിവർഷം പ്രഖ്യാപിച്ചു. രണ്ടു ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ആ വർഷം റോമിൽ സന്ദർശനത്തിനായി എത്തിയത്. ആ വർഷം ഏപ്രിൽ മൂന്നിന് വിശുദ്ധ വാതിൽ തുറക്കുകയും വിമോചനത്തിന്റെ ജൂബിലിക്ക് തുടക്കം കുറിക്കുകയും ചെയ്തു. റോമിലെ നാലു പ്രധാന ബസിലിക്കകളിലും അഭൂതപൂർവ്വമായ ജനത്തിരക്കാണ് അന്നേദിവസം ഉണ്ടായത്.
1950-ലെ വിശുദ്ധ വർഷം
1949 ഡിസംബർ 24-ാം തീയതി പന്ത്രണ്ടാം പീയൂസ് മാർപാപ്പ വിശുദ്ധ വാതിൽ തുറന്നുകൊണ്ട് 'അസാധാരണമായ കൃപയുടെ' വത്സരത്തിലേക്ക് പ്രവേശിച്ചപ്പോൾ ക്രൈസ്തവലോകം മുഴുവനും അതിരറ്റ ആനന്ദത്തോടെയാണ് അതിനെ വരവേറ്റത്. 'നീതിയുടെ വാതിൽ എനിക്കായി തുറന്നു തരിക' എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ, മാർപാപ്പ ചുറ്റിക ഉപയോഗിച്ച് മൂന്നുപ്രാവശ്യം വാതിലിൽ മുട്ടുകയും മൂന്നാം തവണ വാതിലിന്റെ ഇഷ്ടികകൊണ്ടുള്ള മുദ്ര തകരുകയും മെഴുകുതിരിയേന്തി പാപ്പ അകത്തു പ്രവേശിക്കുകയും ചെയ്തു.
1975-ലെ ജൂബിലി
അനുരഞ്ജനത്തിനായി മാറ്റിവയ്ക്കപ്പെട്ട 1975-ലെ വിശുദ്ധ വർഷം, 1974-ലെ ക്രിസ്മസിന്റെ തലേരാത്രി വിശുദ്ധ വാതിൽ തുറന്നുകൊണ്ട് പോൾ ആറാമൻ മാർപാപ്പയാണ് ഉദ്ഘാടനം ചെയ്തത്. പരിശുദ്ധാത്മാവിനെ ക്ഷണിച്ചുകൊണ്ടുള്ള പ്രാർത്ഥനാഗീതങ്ങളുടെ അകമ്പടിയോടെ വാതിലിന്റെ കട്ടിളപ്പടികൾ വിശുദ്ധ ജലത്താൽ വെഞ്ചരിക്കുകയും പാപ്പാ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
1983-ലെ അസാധാരണ ജൂബിലി
നമ്മുടെ കർത്താവിൻ്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ഓർമ്മ ആചരിക്കാനായി പ്രഖ്യാപിക്കപ്പെട്ട 1983-ലെ അസാധാരണ ജൂബിലി, ആ വർഷം മാർച്ച് 25-ന് വിശുദ്ധ വാതിൽ തുറന്നുകൊണ്ട് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഉദ്ഘാടനം ചെയ്തത്. കൃപയുടെയും രക്ഷയുടെയും അവസ്ഥയിലേക്കുള്ള പ്രതീകാത്മകമായ പ്രവേശനത്തെയാണ് അതുവഴിയായി ഊന്നൽനൽകി സൂചിപ്പിച്ചത്.
രണ്ടായിരാമാണ്ടിലെ മഹാജൂബിലി
1999-ലെ ക്രിസ്മസിന്റെ തലേരാവിൽ വിശുദ്ധ വാതിൽ തുറന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയെ മഹാ ജൂബിലിലേക്ക് നയിച്ചു. രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രമാണ് ആ അനർഘ നിമിഷത്തിൽ പ്രതീകാത്മകമായി അന്ന് സംഗ്രഹിക്കപ്പെട്ടത്. നിറഞ്ഞ കൈയ്യടികളോടെയും ആഹ്ലാദത്തോടെയുമായിരുന്നു ലോകം മുഴുവൻ ആ രംഗങ്ങൾ വീക്ഷിച്ചതും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രത്യാശയോടെ പ്രവേശിച്ചതും.
2015-ലെ വിശുദ്ധവത്സരം
2015 നവംബർ 29-നാണ് ഫ്രാൻസിസ് മാർപാപ്പ സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്കിലെ ബാംഗ്വിയിലുള്ള നോത്രെ ദാം കത്തീഡ്രലിൻ്റെ വിശുദ്ധ വാതിൽ തുറന്ന് കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന് തുടക്കം കുറിച്ചത്. അതിൻ്റെ തുടർച്ചയെന്നവണ്ണം, ആ വർഷം ഡിസംബർ 8-ാം തീയതി എമരിത്തൂസ് പാപ്പ ബെനഡിക്ട് പതിനാറാമനോടൊപ്പം വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പാ തുറക്കുകയുണ്ടായി.
സമാഗതമായിരിക്കുന്ന 2025-ലെ വിശുദ്ധ വർഷാചരണത്തിലൂടെ ഈ പാരമ്പര്യമാണ് സഭ തുടരുന്നത്. ദൈവസ്നേഹത്തിനും ക്രിസ്തു നൽകുന്ന രക്ഷയിലുള്ള പ്രത്യാശയ്ക്കുമാണ് ഈ ജൂബിലി വർഷം സഭ പ്രധാനമായും ഊന്നൽ നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.