ചണ്ഡീഗഡ്: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദില്‍ പഞ്ചാബ് എറെക്കുറെ നിശ്ചലമായി. റോഡ്, റെയില്‍ ഗതാഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകള്‍ റദ്ദാക്കി.
താങ്ങു വിലയ്ക്ക് നിയമ സാധുത നല്‍കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പഞ്ചാബില്‍ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് ബന്ദ്. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തി റോഡുകള്‍ തടഞ്ഞത്.
ബസ് സര്‍വീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം സമരം ചെയ്യുന്ന കര്‍ഷകരുമായി പഞ്ചാബ് സര്‍ക്കാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെന്നുമാണ് കര്‍ഷകരുടെ നിലപാട്.
സമരത്തിന്റെ ഭാഗമായി ഖനൗരി അതിര്‍ത്തിയില്‍ 35 ദിവസമായി നിരാഹാര സമരം തുടരുന്ന മുതിര്‍ന്ന കര്‍ഷക നേതാവ് ജഗ്ജീത് സിങ് ധല്ലേവാളിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കാന്‍ സുപ്രീം കോടതി പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ സമയം നാളെ അവസാനിക്കും.
കോടതി കേസ് നാളെ പരിഗണിക്കുന്നുണ്ട്. അതിന് മുന്‍പ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.