തിരുവനന്തപുരം : വനനിയമ ഭേദഗതിയിലെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് കേരള കോൺഗ്രസ് (എം). തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ചെയർമാൻ ജോസ് കെ. മാണി.
കർഷകരെയും മലയോര ജനതയേയും ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
നിരന്തരമായുണ്ടാകുന്ന വന്യജീവി സംഘർഷത്താൽ പൊറുതിമുട്ടുന്ന കേരളത്തിലെ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി 30 ലക്ഷം ജനങ്ങളെ സാരമായി ബാധിക്കുന്നതാണ് നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കേരള കോൺഗ്രസ് (എം) ചൂണ്ടിക്കാട്ടി.
ഭേദഗതിയിലെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ്വ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്‌നം ഉണ്ടാക്കും മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണെന്ന് ജോസ് കെ മാണി പറഞ്ഞു.
സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടൽ ഉണ്ടാകും. ഈ വിഷയം ചർച്ച ചെയ്യാൻ കാരണമായത് കേരള കോൺഗ്രസിന്റെ നിലപാടാണ്. വന്യമൃഗത്തെ വനത്തിനുള്ളിൽ നിർത്തുക എന്നതതാണ് വനം വകുപ്പിന്റെ ചുമതല. കർഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങൾ ഇറങ്ങി വന്നാൽ എന്ത് ചെയ്യും. കർഷകരുടെ ഭൂമിക്ക് സംരക്ഷണം നൽകേണ്ടതുണ്ട് എന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.