ന്യൂഡല്‍ഹി: ലോകത്ത് ഉടനീളമുള്ള ജനങ്ങളെല്ലാം സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025 നെ വരവേല്‍ക്കുന്നത്. പാട്ടും നൃത്തവും ആകാശത്ത് വര്‍ണ്ണക്കാഴ്ചകളുടെ വിസ്മയം തീര്‍ത്ത വെടിക്കെട്ടുകളുമായി ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും പുതുവര്‍ഷത്തെ വരവേറ്റു. മുംബൈയിലും ഗോവയിലും ബംഗളൂരുവിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോഷങ്ങളാണ് നടന്നത്.
കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപായിരുന്നു പുതുവര്‍ഷം ആദ്യം ആഘോഷിച്ചത്. ഇതിന് പിന്നാലെ ഓക് ലന്‍ഡിലും ന്യൂസിലന്‍ഡിലുമുള്‍പ്പെടെ പുതുവര്‍ഷം പിറന്നു. ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ജപ്പാനിലും ഓസ്ട്രേലിയയിലും സിംഗപ്പൂരിലും അടക്കം പുതുവര്‍ഷം പിറന്നിരുന്നു. വമ്പന്‍ കരിമരുന്ന് പ്രയോഗങ്ങളോടെയാണ് സിഡ്നി അടക്കമുളള നഗരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക.
ക്ലബുകളിലും മൈതാനങ്ങളിലും ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലുമൊക്കെ പാട്ടും നൃത്തവുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോടും ഉള്‍പ്പെടെ വലിയ ആഘോഷമാണ് നടന്നത്. കോഴിക്കോട് മാനാഞ്ചിറയിലും ബീച്ചിലും വലിയ തോതില്‍ കുടുംബസമേതം ആളുകള്‍ പുതുവര്‍ഷപ്പിറവി വരവേല്‍ക്കാന്‍ എത്തി. 12 മണിയെത്തിയപ്പോള്‍ പോയ വര്‍ഷത്തെ സങ്കടങ്ങള്‍ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിക്കൊപ്പം എരിഞ്ഞടങ്ങി. പാപ്പാഞ്ഞിയെ കത്തിച്ചതോടെ ഫോര്‍ട്ട് കൊച്ചിയിലെ ആഘോഷം ഉച്ചസ്ഥായിയിലെത്തി.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രത്യേക പരിപാടികള്‍ ഒരുക്കിയിരുന്നു. കോവളം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വലിയ ആഘോഷങ്ങളായിരുന്നു ഒരുങ്ങിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശികളടക്കം മലയാളിയുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. കുടുംബത്തോടെയാണ് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ആളുകള്‍ എത്തിയത്. 2024 സമ്മാനിച്ച ദുഖങ്ങളും വേദനകളുമൊക്കെ മറന്ന് പുതിയ വര്‍ഷത്തെ പുതിയ പ്രതീക്ഷയോടെ അവര്‍ ഒരുമിച്ച് ആടിയും പാടിയും വരവേറ്റു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു.
പുതുവല്‍സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തിയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷരാവിന്റെ പ്രത്യേകത. അത് തന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്.
നമ്മള്‍ 2025-ലേക്ക് കടക്കുകയാണ്. 2024 ന് തിരശീല വീഴുകയാണ്. കഴിഞ്ഞുപോയ വര്‍ഷം സുഖദുഖ സമ്മിശ്രമായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. 2025 പ്രതീക്ഷകള്‍ നിറയുന്ന ഒരു വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍, നമുക്ക് ചുറ്റിലുമുള്ള പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍, ഒരുപാട് നന്മ ചെയ്യാന്‍ സാധിക്കുന്ന ഒരു വര്‍ഷമായി മാറട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.