കേരള കത്തോലിക്കാ സഭയുടെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ

കേരള കത്തോലിക്കാ സഭയുടെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം എല്ലാവരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണെന്നും ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രശംസിച്ചു. കെസിബിസി അല്മായ കമ്മീഷൻ ശനി, ഞായർ ദിവസങ്ങളായി എറണാകുളം പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരം 2021ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

സമ്മേളനത്തിൽ കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷനായിരുന്നു. കെസിബിസി ചെയർമാൻ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും എം.പി ഹൈബി ഈഡൻ മുഖ്യപ്രഭാഷണവും നടത്തി.

സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തന മേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ മുന്നിൽ കത്തോലിക്ക സ്ഥാപനങ്ങളുണ്ടെന്നു ആരോഗ്യ മന്ത്രി വിലയിരുത്തി. കേരളത്തിൽ കത്തോലിക്കാ സഭയുടെ ഭാഗമായി പ്രവർത്തിക്കുന്നതും വിവിധ സന്യാസി സമൂഹങ്ങളുടെയും രൂപതകളുടെയും കത്തോലിക്കരായ വ്യക്തികളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതുമായ അനാഥാലയങ്ങളുടെയും വൃദ്ധ മന്ദിരങ്ങളുടെയും പ്രവർത്തനങ്ങളെ ഷൈലജ ടീച്ചർ സന്തോഷത്തോടെയും ആദരവോടെയും ഓർമ്മപ്പെടുത്തി.

അത്തരം ഒരു സ്ഥാപനം താൻ സന്ദർശിച്ച അനുഭവം വലിയ അത്ഭുതത്തോടെ ടീച്ചർ പങ്കുവെക്കുകയുണ്ടായി. തെരുവിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെ കൂട്ടിക്കൊണ്ടുവന്നു മക്കളെപ്പോലെ ശ്രുശ്രൂഷിക്കുന്നിടത്തു വച്ച് മൂന്നുമാസക്കാലം നേർച്ചയായി ശുശ്രൂഷ ചെയ്യാൻ എത്തിയ ഒരു സ്ത്രീയെ പരിചയപ്പെട്ടതും അത്ഭുതത്തോടെ ശൈലജ ടീച്ചർ പറഞ്ഞു. പണമായും പലരും നേർച്ച ഇടുമ്പോൾ ദൈവപ്രീതിക്കായി തന്റെ മൂന്നുമാസം നേർച്ചയായി നൽകാൻ അവർ തയ്യാറായത് വലിയൊരു മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അത്തരത്തിൽ സ്വന്തം മക്കളെ പോലെ കണ്ട് വൃദ്ധരെയും മാനസിക രോഗികളെയും അനാഥരെയും ശുശ്രൂഷിക്കാൻ തയ്യാറാക്കുന്ന അനേകർ വഴിയായി ആരുമില്ലാത്ത ഒട്ടേറെപ്പേർ ഈ സമൂഹത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.

കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകൾ തനിക്ക് ചെയ്ത വലിയ സഹായങ്ങൾക്ക് ഷൈലജ ടീച്ചർ നന്ദി പറഞ്ഞു. മെഡിക്കൽ അഡ്മിഷൻ ഫീസ് നിശ്ചയിക്കുന്നത് ഘട്ടത്തിൽ, പലപ്പോഴും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകൾ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ ഫീസ് ചൂണ്ടിക്കാണിച്ചാണ് മറ്റ് മെഡിക്കൽ കോളേജുകളോട് സംസാരിക്കാറുള്ളത് എന്നും കത്തോലിക്കാ സഭയുടെ മെഡിക്കൽ കോളേജുകളുടെ നിലപാടുകൾ അത്തരത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലവും തനിക്ക് സഹായകരമായിട്ടുണ്ടെന്ന് ടീച്ചർ ഓർമിപ്പിച്ചു.

ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാനും നടത്തിക്കൊണ്ടു പോകാനും വലിയ ചെലവുകളുണ്ട് എന്ന് സർക്കാർ മെഡിക്കൽ കോളേജുകളുടെ നടത്തിപ്പിനെ ഉദ്ധരിച്ചുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. ഏറ്റവും മാന്യമായ രീതിയിൽ ഫീസ് ഈടാക്കി മെഡിക്കൽ കോളേജ് നടത്തുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

കേരള സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പഠനശിബിരം സംഘടിപ്പിച്ച കെസിബിസിയെ ബഹുമാനപ്പെട്ട മന്ത്രി അഭിനന്ദിക്കുകയും തന്റെ അളവില്ലാത്ത സന്തോഷം അറിയിക്കുകയും ചെയ്തു. ഈ രീതിയിലും കത്തോലിക്കാ സഭ ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ താൻ ബഹുമാനത്തോടെ കാണുന്നതായി മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.