വത്തിക്കാൻ സിറ്റി : വിശുദ്ധരുടെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ മുൻ അധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി. 86 വയസായിരുന്നു.
സംസ്കാര ശുശ്രൂഷ ഇന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റെ മുഖ്യകാർമികത്വം വഹിക്കും.ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് കർദിനാൾ ആഞ്ചലോ നേതൃത്വം നൽകി. സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിന് നേതൃത്വം നല്കാന് 2017ൽ കർദിനാൾ ഇന്ഡോറിലെത്തിയിരുന്നു.
വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കർദിനാൾ ആഞ്ചലോ അമാത്തോയെ വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായും സീലയുടെ സ്ഥാനിക ആർച്ച് ബിഷപ്പായും നിയമിച്ചത്. തുടർന്ന് 2008 ജൂലൈ ഒമ്പതിന് ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററിയുടെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
2010 നവംബർ 20 ന് നടന്ന കൺസിസ്റ്ററിയിൽ മുൻ കത്തോലിക്കാ സഭാധ്യക്ഷൻ അദേഹത്തെ കർദിനാളായി ഉയർത്തി. 2013 ഡിസംബർ 19 ന് ഫ്രാൻസിസ് മാർപാപ്പ കർദിനാൾ അമാത്തോയുടെ ഡികാസ്റ്ററിയിലെ സ്ഥാനം തുടരാൻ നിർദേശിച്ചതിനെത്തുടർന്ന് 2018 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയായിരുന്നു.
1938 ജൂൺ എട്ടിന് തെക്കൻ ഇറ്റലിയിലുള്ള ബാരിയിലെ മൊൾഫെത്തയിലാണ് കർദിനാൾ ആഞ്ചലോ അമാത്തോ ജനിച്ചത്. സലേഷ്യൻ യൂണിവേഴ്സിറ്റി മുൻ ഡീൻ കൂടിയായ കർദിനാൾ അമാത്തോ വിശ്വാസ തിരുസംഘം, ക്രൈസ്തവ ഐക്യത്തിനും മതാന്തര സംവാദങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററി എന്നിവയുടെ കൂടിയാലോചനാംഗമായും അന്താരാഷ്ട്ര മരിയൻ അക്കാദമിയുടെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.