ആഗ്ര: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പാക് സുന്ദരിയെ നേരിട്ട് കാണാനായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അതിര്‍ത്തി കടന്ന ഇന്ത്യന്‍ യുവാവ് പാകിസ്ഥാന്‍ ജയിലിലായി.
ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ മുപ്പതുകാരന്‍ ബാദല്‍ ബാബു ആണ് കാമുകിയെ കാണാനുള്ള ശ്രമത്തിനിടെ പാക് പൊലീസിന്റെ പിടിയിലായി ജയിലിലടയ്ക്കപ്പെട്ടത്. അലിഗഡിലെ ഖട്ടാരി ഗ്രാമവാസിയായ ഇയാള്‍ ഡല്‍ഹിയിലെ ഒരു തുണി ഫാക്ടറിയില്‍ തയ്യല്‍ ജോലിക്കാരനാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാദല്‍ ബാബുവിനെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ടി ബഹൗദീന്‍ നഗരത്തില്‍ വച്ചാണ് യുവാവ് പൊലീസിന്റെ മുന്നില്‍ പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ രണ്ട് തവണ ഇയാള്‍ പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്.
1946 ലെ പാകിസ്ഥാന്‍ വിദേശ നിയമത്തിലെ 13, 14 വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബാബുവിപ്പോള്‍ ഉള്ളത്.
മകന്‍ പാകിസ്ഥാന്‍ ജയിലിലാണെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് ബാബുവിന്റെ മാതാപിതാക്കള്‍ അറിഞ്ഞത്. ആരോടും അധികം സംസാരിക്കാത്ത അന്തര്‍മുഖ സ്വഭാവമുള്ള ബാദല്‍ ബാബു കാമുകിയെ കാണാനായി ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പാക് യുവതിയുമായുള്ള ബാദല്‍ ബാബുവിന്റെ പ്രണയത്തെക്കുറിച്ചും അവര്‍ക്കറിയില്ലായിരുന്നു.
നവംബര്‍ 30 നാണ് യുവാവ് അവസാനമായി വീട്ടില്‍ വീഡിയോ കോള്‍ ചെയ്തത്. ഇതിന് ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ദുബായില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. മകനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെടണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.