തുടര്‍ഭരണമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍; യുഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടും, ബിജെപിയും നേട്ടമുണ്ടാക്കും

 തുടര്‍ഭരണമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍; യുഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടും,  ബിജെപിയും നേട്ടമുണ്ടാക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു. ഉമ്മന്‍ചാണ്ടിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂര്‍ മൂന്നാമതെത്തി. മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് ഏഴ് ശതമാനത്തിന്റെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആറ് ശതമാനവും മുല്ലപ്പള്ളിക്ക് നാല് ശതമാനം പേരുടേയും പിന്തുണ ലഭിച്ചു. രണ്ട് ശതമാനം പേരാണ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണി ഇത്തവണ ചരിത്രം തിരുത്തി തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍. എഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലവും, ട്വന്റി ഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലവുമാണ് എല്‍ഡിഎഫിന് തുടര്‍ഭ രണം പ്രവചിക്കുന്നത്.

എല്‍ഡിഎഫ് 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമെന്നാണ് എഷ്യാനെറ്റ് ന്യൂ സീ ഫോര്‍ പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി കൂടുതല്‍ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നു.

കോട്ടയം മുതല്‍ തൃശൂര്‍ വരെയുള്ള മധ്യകേരളത്തില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും, 23 മുതല്‍ 25 സീറ്റ് വരെ നേടും. എല്‍ഡിഎഫിന് ഇക്കുറി 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കും. ഇടതു മുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും സര്‍വേ പ്രവചിക്കുന്നു.

തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 24 മുതല്‍ 26 സീറ്റ് വരെ നേടും. യുഡിഎഫിന് 12 മുതല്‍ 14 സീറ്റേ ലഭിക്കൂ. എല്‍ഡിഎഫിന് 41 ശതമാനവും യുഡിഎഫിന് 37 ശതമാനവുമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും ഒന്ന് മുതല്‍ രണ്ട് വരെ സീറ്റ് നേടാനാവുമെന്നും പ്രവചിക്കുന്നുണ്ട്.

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നിലനിര്‍ത്തും. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 വരെ സീറ്റ് എല്‍ഡിഎഫ് നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതല്‍ 26 വരെ സീറ്റാണ് ലഭിക്കുക. എന്‍ഡിഎക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും പ്രീ പോള്‍ സര്‍വേ പറയുന്നു.

അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു. ഉമ്മന്‍ചാണ്ടിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂര്‍ മൂന്നാമതെത്തി. മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് ഏഴ് ശതമാനം പേരുടെ പിന്തുണയുണ്ട്.രമേശ് ചെന്നിത്തലയ്ക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആറ് ശതമാനം പേരുടെ വീതം പിന്തുണ കിട്ടി. മുല്ലപ്പള്ളി രാമചന്ദ്രന് നാല് ശതമാനം പേരുടെയും പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ശതമാനം പേരുടെയും പിന്തുണ ലഭിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ മികച്ച നേട്ടമായി സൗജന്യ ഭക്ഷ്യകിറ്റിനെ 34 ശതമാനം പേര്‍ വിലയിരുത്തി. 27 ശതമാനം പേര്‍ ക്ഷേമ പെന്‍ഷനും 18 ശതമാനം പേര്‍ കോവിഡ് പ്രവര്‍ത്തനത്തെയും വിലയിരുത്തി. 29 ശതമാനം പേര്‍ അടിസ്ഥാന സൗകര്യ വികസനം ഉയര്‍ത്തിക്കാട്ടി.

ഇടതു സര്‍ക്കാരിന്റെ വലിയ പരാജയമായി 34 ശതമാനം പേരും ശബരിമല വിഷയമാണ് ഉയര്‍ത്തിക്കാട്ടിയത്. പിഎസ്സി പരീക്ഷാ വിഷയം കൈകാര്യം ചെയ്ത രീതി മോശമായെന്ന് 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഒന്‍പത് ശതമാനം പേര്‍ തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞത്.പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.

അതേസമയം, ട്വന്റിഫോറിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേര്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. സര്‍വേയുടെ ഭാഗമായ 40.72 ശതമാനം പേര്‍ യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് അഭിപ്രായപ്പെട്ടു. ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിക്കുമെന്ന് 16.9 ശതമാനം ആളുകള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.