'വധ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ; ഇത് കുറഞ്ഞു പോയി': പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

'വധ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ;  ഇത് കുറഞ്ഞു പോയി':  പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍.

വിധിയില്‍ പൂര്‍ണ തൃപ്തരല്ല. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. അതുണ്ടായില്ല. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം മാത്രമാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ക്ക് ജീവപര്യന്തം ലഭിക്കണം.

വിധിയില്‍ പൂര്‍ണ പൂര്‍ണ തൃപ്തരല്ലെന്ന് ശരത് ലാലിന്റെ സഹോദരി അമൃത പറഞ്ഞു. പ്രതീക്ഷിച്ച പരാമവധി ശിക്ഷ ലഭിച്ചില്ല. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കരുതിയത്. ശിക്ഷ കുറഞ്ഞുപോയി. അവര്‍ തിരിച്ച് നാട്ടിലെത്തിയാല്‍ ഇത് ആവര്‍ത്തിക്കും. ഇനി ആര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും അമൃത പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ എട്ട് പ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.

ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്.

ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ. പീതാംബരന്‍, സജി സി ജോര്‍ജ്, കെ.എം സുരേഷ്, കെ. അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14-ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠന്‍, 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, 21-ാം പ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍), 22-ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചത്.

കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.