രണ്ടില ജോസിന് തന്നെ; ജോസഫിന്റെ അപ്പീല്‍ തള്ളി

രണ്ടില ജോസിന്  തന്നെ;  ജോസഫിന്റെ അപ്പീല്‍ തള്ളി

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെ. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു. പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കുന്നതാണ് കോടതി വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്  ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീല്‍ സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വീഴ്ച പറ്റി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാര പരിധി കടന്നാണ് ഈ തീരുമാനത്തിലെത്തിയത് തുടങ്ങിയ വാദങ്ങളായിരുന്നു ജോസഫ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ ഉയര്‍ത്തിയത്. ഈ രണ്ടു വാദങ്ങളും തള്ളിയ ഹൈക്കോടതി ചിഹ്നം ജോസ് വിഭാഗത്തിനു നല്‍കിയത് ശരിവയ്ക്കുകയും ചെയ്തു. ഹൈക്കോടതി വിധി ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.