ആഴക്കടൽ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കൽ സർക്കാർ ഇന്ന് പുനഃപരിശോധിക്കും

ആഴക്കടൽ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കൽ സർക്കാർ ഇന്ന് പുനഃപരിശോധിക്കും

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് അനുമതി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ,​ വിവാദ കമ്പനിയുമായി സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കി രക്ഷപ്പെടാൻ സർക്കാർ നീക്കം. ഇടതു നയത്തിനു വിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ധാരണാപത്രം വഴി മുഖ്യമന്ത്രിയെ ഉൾപ്പെടെ കുരുക്കിലാക്കിയ കോർപറേഷൻ എം.ഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും ഉണ്ടാക്കിയ ധാരണപത്രം സർക്കാർ ഇന്ന് പുനഃപരിശോധിക്കും. സർക്കാ‍ർ നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉപാധികള്‍ ഉണ്ടെങ്കിൽ കരാർ റദ്ദാക്കണം എന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന. ധാരണപത്രത്തിന്റെ എല്ലാ വിശദാംശങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് ചോദിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി അറിയാതെ ധാരണാപത്രവുമായി മുന്നോട്ട് പോയതിൽ അതൃപ്തിയുണ്ട്. എന്നാൽ കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലുള്ള ധാരണപത്രവും നാലേക്കർ ഭൂമി ഇവർക്ക് നൽകിയതുമായി ബന്ധപ്പെട്ട ഉത്തരവും റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത് സർക്കാർ നയങ്ങൾക്ക് അനുസരിച്ചാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ഐഎൻസി ഓഫീസിലേക്ക് മാർച്ച് നടത്തും.  കൊച്ചി തോപ്പുംപ്പടി ഹാർബറിലുള്ള ബോട്ട് യാർഡിലെ ഓഫീസിലേക്കാണ് പ്രതിഷേധം. സിപിഎം അനുകൂല സംഘടന ഒഴിച്ച് മത്സ്യ മേഖലയിലെ മുഴുവൻ സംഘടനകളും സമരത്തിൽ പങ്കാളികളാകും. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കണം എന്നാണ് ആവശ്യം. മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വീട്ടിലേക്ക് വൈകിട്ട് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാസം 27 ന് തീരദേശ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇ.എം.സി.സി.മേധാവിയും അമേരിക്കൻ പൗരനുമായ ഡുവൻ ഇ.ഗരൻസൺ കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം ക്ളിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടെന്നും, അതിനു ശേഷമാണ് ധാരണാപത്രം ഒപ്പു വച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപണമുന്നയിച്ചു.

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ഇ.എം.സി.സി.യുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെയും അവർക്ക് ആലപ്പുഴയിലെ പള്ളിപ്പുറത്ത് സീഫുഡ് സംസ്ക്കരണശാല തുടങ്ങാൻ 5.48 കോടി രൂപയ്ക്ക് മുപ്പതുവർഷത്തേക്ക് സ്ഥലം അനുവദിച്ചതിന്റെയും പകർപ്പും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ ക്ളിഫ് ഹൗസിൽ വച്ച് ഗരൻസൺ തനിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന ആരോപണം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.